NEWSസംഗമപുരിയെ ഉത്സവലഹരിയിലേക്കുയര്‍ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് കൊടിയേറി


സംഗമപുരിയെ ഉത്സവലഹരിയിലേക്കുയര്‍ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി നിർവഹിച്ചു. പഞ്ചാരിമേളത്തിന്‍റെയും ആനകളുടെയും കലകളുടെയും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിനാണ് ഇതോടെ തുടക്കമായത്. താന്ത്രിക ചടങ്ങുകളാല്‍ പവിത്രമായ ക്ഷേത്രത്തില്‍ പാണിയും തിമിലയും ചേങ്ങിലയും ചേര്‍ന്ന് സൃഷ്ടിച്ച നാദലയത്തില്‍ മന്ത്രങ്ങള്‍ ആവാഹിച്ചാണ് കൊടിയേറ്റ കർമ്മങ്ങൾ നടന്നത് . നൂറുകണക്കിന് ഭക്തജനങ്ങളും ദേവസ്വം ഭാരവാഹികളും ഇതിന് സാക്ഷിയായി. ശ്രീകോവിലില്‍ നിന്ന് പൂജിച്ചു കൊണ്ടുവന്ന കൊടിക്കൂറയും മണിയും മാലയും കൊടിമരച്ചുവട്ടില്‍വെച്ച് കൊടിമരത്തിന് പൂജ ചെയ്താണ് കൊടിയേറ്റം നിര്‍വഹിച്ചത്.

കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ട് വിളക്കുകളും എട്ട് ശീവേലിയും നാലുമണിക്കൂര്‍ വീതം നീണ്ടുനില്‍ക്കുന്ന പതിനാറ് പഞ്ചാരിമേളങ്ങളും വിളക്കിനും ശീവേലിക്കും ഒരുപോലെ എഴുന്നള്ളിക്കുന്ന പതിനേഴ് ഗജവീരന്‍മാരും കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ മാത്രം പ്രത്യേകതയാണ്. കൂടാതെ എട്ടുദിവസത്തെ കഥകളിയും ഇവിടെ അരങ്ങേറുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ചിട്ടയും താന്ത്രിക ചടങ്ങുകളുടെ നിഷ്ഠയും ക്ഷേത്രകലകളുടെ അവതരണവും പത്തുദിവസത്തെ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തെ വേറിട്ടു നിര്‍ത്തുന്നു.കൂടല്‍മാണിക്യം തിരുവുത്സവം : ബിംബശുദ്ധക്രീയകള്‍ വ്യാഴാഴ്ച സമാപിക്കും, കൊടിയേറ്റം 27ന്


കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള ബിംബശുദ്ധക്രീയകള്‍ വ്യാഴാഴ്ച സമാപിക്കും. രണ്ടുദിവസങ്ങളിലായി കാലത്തും ഉച്ചപൂജയ്ക്കും നടത്തുന്ന ബിംബശുദ്ധിക്രീയകള്‍ക്കാണ് വ്യാഴാഴ്ച വൈകീട്ടോടെ സമാപനമാകുന്നത്. ബിംബത്തിന് സംഭവിച്ചേക്കാവുന്ന ചെറിയ ദോഷങ്ങളെ പരിഹരിക്കുതിനായിട്ടാണ് ബിംബശുദ്ധക്രീയകള്‍ നടത്തുന്നത്. ബുധനാഴ്ച രാവിലെ മണ്ഡപത്തില്‍ ചതുർശുദ്ധി പൂജിച്ച് എതൃത്ത പൂജക്ക് ദേവന് അഭിഷേകം ചെയ്തു. തുടർന്ന് ഉച്ചപൂജക്ക് മുമ്പായി ദേവനെ പൂജിച്ച് ധാര നടത്തി. വൈകീട്ട് പതിവുപോലെ അത്താഴപൂജ നടന്നു.

വ്യാഴാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്തപൂജക്ക് ദേവനെ അഭിഷേകം നടത്തും. ഉച്ചപൂജക്ക് മുമ്പായി പഞ്ചകം പൂജിച്ച് ഉച്ചപൂജയ്ക്ക് അഭിഷേകം ചെയ്യും. ദേവന്മാര്‍ക്ക് അതാത് ഭാവത്തെ നല്‍കുന്ന പഞ്ചതത്വങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് പഞ്ചകാഭിഷേകം നടത്തുന്നത്. വൈകിട്ട് അത്താഴപൂജയ്ക്ക് മുമ്പായി മണ്ഡപത്തില്‍ സ്ഥലശുദ്ധി ചെയ്യും. വെള്ളിയാഴ്ച രാവിലെ മണ്ഡപത്തില്‍ പഞ്ചഗവ്യം പൂജിച്ച് എതൃത്ത് പൂജക്ക് ദേവന് അഭിഷേകം ചെയ്യും. എതൃത്ത്പൂജക്ക് മുമ്പ് കലശമണ്ഡപത്തില്‍ ബ്രഹ്മകലശപൂജ, പരികലശപൂജ, കുംഭേശകര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ നടക്കും. ഒമ്പതുമണിയോടെ ബ്രഹ്മകലശാഭിഷേകങ്ങള്‍ ആരംഭിക്കും. ഉച്ചപൂജ പതിനൊരയോടെ അവസാനിക്കും. 27-ാം തിയ്യതി വെള്ളിയാഴ്ച്ച രാത്രി 8:10 നും 8:40 നും മദ്ധ്യേ കൊടിയേറ്റം നടത്തും.കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ നിറംപകരാൻ ആനച്ചമയങ്ങളൊരുങ്ങി


പത്തുദിവസം നീണ്ടുനിൽക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്‌ നിറംപകരാൻ ആനച്ചമയങ്ങളൊരുങ്ങി. കൊട്ടിലാക്കലിലെ ദേവസ്വം കെട്ടിടത്തിലെ ഭണ്ഡാകാരത്തിൽ വർഷം മുഴുവൻ സൂക്ഷിക്കുന്ന സ്വര്‍ണ്ണക്കോലവും മറ്റു ചമയങ്ങളും ഉത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കി ഉത്സവത്തിന് തയാറാക്കുന്നത്. ആനച്ചമയങ്ങളെല്ലാം ദേവസ്വത്തിന്‍റെ സ്വന്തമാണ് എന്നുള്ളതാണ് പ്രത്യേകത. വാടകക്ക് എടുക്കാറില്ല . സ്വർണ്ണക്കോലവും നെറ്റിപട്ടങ്ങളും ഉപയോഗിക്കുന്ന കേരളത്തിലെ അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം.

തിടമ്പേറ്റുന്ന അഞ്ച്‌ വലിയ ആനകളും രണ്ട്‌ ഉള്ളാനകളും ഉള്‍പ്പെടെ ഏഴ്‌ ആനകള്‍ക്ക്‌ സ്വർണത്തിൽ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ്‌ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നത്‌. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ അലകും മകുടവും വെണ്‍ചാമരത്തിന്‍റെ പിടിയും സ്വര്‍ണ്ണ നിര്‍മ്മിതമാണ്‌. മറ്റ്‌ പത്ത്‌ ആനകള്‍ക്ക്‌ മേല്‍ത്തരം വെള്ളി ചമയങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. കൂടൽമാണിക്യത്തിൽ ആദ്യകാലത്ത് ഉത്സവത്തിന് 21 ആനകൾ ഉണ്ടായിരുന്ന സമയത്ത് എല്ലാ ആനകൾക്കും സ്വർണ്ണ നിർമിതമായ നെറ്റിപ്പട്ടങ്ങളും കോലവും ഉണ്ടായിരുന്നു. 1902 ൽ നിലവിൽ വന്ന കല്ലേറ്റുംകരയിലെ സ്ഥിതിചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ഇവിടെ വരുവാനും അതിന്റെ നിർമിതിക്കുമായ് ഈ സ്വർണ്ണ നിർമ്മിത കോലങ്ങളും നെറ്റിപട്ടങ്ങളും അക്കാലത്ത് ക്ഷേത്രം സംഭാവന നൽകിയതായി പഴമക്കാർ പറയുന്നു. ഉത്സവത്തിന്‍റെ ഭാഗമായി എല്ലാദിവസവും ആറാട്ടും പള്ളിവേട്ടയും ഉൾപ്പെടെ സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്നതാണ് കൂടൽമാണിക്യത്തിന്‍റെ പ്രത്യേകത.

തിടമ്പേറ്റുന്ന ആനയുടെ കുട, അലക്കുകള്‍, വെണ്‍ചാമരത്തിന്‍റെ പിടി എന്നിവയും സ്വര്‍ണ്ണ നിര്‍മ്മിതമാണ്‌. കോലത്തിന്‌ മുകളില്‍ സ്വര്‍ണ്ണമകുടമുണ്ട്‌. സ്വര്‍ണ്ണത്തിന്‍റെയോ വെള്ളിയുടേയോ നെറ്റിപ്പട്ടങ്ങളിലുള്ള ഗോളകകള്‍, ചന്ദ്രക്കല, നാഗപടം, അരുക്കവടികള്‍, വട്ടക്കിണ്ണം, എടക്കിണ്ണം, വിവിധ വലുപ്പത്തിലുള്ള ഏഴുതരം ചുണ്ടങ്ങകള്‍ എന്നിവ തനി സ്വര്‍ണ്ണത്തിലോ വെള്ളിയിലോ തീര്‍ത്തതാണ്‌. അരിമ്പൂര്‍ കുന്നത്തങ്ങാടി പുഷ്‌ക്കരനും സംഘവുമാണ് ചമയങ്ങളൊരുക്കുന്നത്. നെറ്റിപ്പട്ടങ്ങള്‍ പുതിയ പട്ടുനൂലും പട്ടും ഉപയോഗിച്ച്‌ പൊടിയും കച്ചയും തുന്നിച്ചേര്‍ത്ത്‌ ഭംഗിയാക്കി. ഗജവീരന്‍മാരുടെ കഴുത്തില്‍ അണിയാനുള്ള മണികള്‍ കോര്‍ക്കുന്നതിനുള്ള വട്ടക്കയറും, എഴുന്നള്ളിക്കുന്ന ആനക്കായി വിവിധ വര്‍ണ്ണത്തിലുള്ള കുടകളുമാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌ . ഇത്തവണ വട്ടക്കയറുകൾ പുതിയതാണ് ഉപയോഗിക്കുന്നത്.കൂടല്‍മാണിക്യത്തില്‍ നെല്‍ക്കതിര്‍ കൃഷിക്ക് മന്ത്രി വിത്തുവിതച്ചു – തെങ്ങുകൃഷിക്കാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍


കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറയ്ക്കാവശ്യമായ നെല്‍ക്കതിരിന് ദേവസ്വം ഭൂമിയില്‍ വിത്തെറിഞ്ഞു. കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പിലില്‍ ആരംഭിക്കുന്ന കൃഷിക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിത്ത് വിതച്ചു. വഴുതനങ്ങയും വാഴകൃഷിക്കും നെല്‍കൃഷിക്കും പുറമെ 75 ഏക്കറോളം വരുന്ന ദേവസ്വം ഭൂമിയില്‍ തെങ്ങുകൃഷി തുടങ്ങുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേരവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെങ്ങുകൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷനായിരുന്നു.

ഭരണസമിതി അംഗങ്ങളായ എന്‍.പി. പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഭരതന്‍ കണ്ടേങ്കാട്ടില്‍, രാജേഷ് തമ്പാന്‍, കെ.ജി. സുരേഷ്, പ്രേമരാജന്‍, ഷൈന്‍, തഹസില്‍ദാര്‍ കെ.ജി. മധുസൂദനന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എസ്. സുമ, മേല്‍ശാന്തി ഇന്‍ ചാര്‍ജ്ജ് മണക്കാട് പരമേശ്വരന്‍ നമ്പൂതിരി, വിവിധ വകുപ്പ് മേധാവികള്‍, ദേവസ്വം ജീവനക്കാര്‍, ഭക്തജനങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്കാവശ്യമായ നെല്‍കതിര്‍ പുറത്തുനിന്നും കൊണ്ടുവരികയാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കാനും ആവശ്യമായ നെല്‍ക്കതിര്‍ ഇവിടെ തന്നെ ലഭ്യമാക്കുന്നതിനുമായിട്ടാണ് കൃഷി ചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും വാഴകൃഷിയും കൊട്ടിലാക്കല്‍ പറമ്പില്‍ കൃഷിയിറക്കിയിട്ടുണ്ട്.കൂടൽമാണിക്യം കൊട്ടിലാക്കൽ ഗണപതി നവീകൃത ക്ഷേത്രസമർപ്പണം നടന്നു


ശ്രീ കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ ഗണപതി നവീകൃത ക്ഷേത്രസമർപ്പണം തോട്ടാപ്പിള്ളി വേണുഗോപാൽ മേനോന്റെ പത്നി ഗീത വേണുഗോപാൽ നിർവഹിച്ചു.

രാവിലെ ഭഗവാന് ഗോളകയും പ്രഭാവലയവും സമർപ്പിക്കുന്നതോടൊപ്പം സോപാനം പിച്ചള പൊതിയൽ, തിടപ്പിള്ളി , വഴിപാട് കൗണ്ടർ എന്നിവയും സമർപ്പിച്ചു. ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, അഡ്വ. രാജേഷ് തമ്പാൻ, കെ.ജി സുരേഷ്, തന്ത്രി പ്രതിനിധി എൻ പി പി നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.എം സുമ, മാനേജർ രാജി സുരേഷ്, തോട്ടാപ്പിള്ളി വേണുഗോപാൽ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു