NEWSകൂടൽമാണിക്യം തിരുവുത്സവം : ബഹുനില അലങ്കാര പന്തലിനു കാൽനാട്ടി


കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന ബഹുനില അലങ്കാര പന്തലിന്‍റെ കാൽനാട്ടുകർമ്മം കുട്ടംകുളം പരിസരത്തു വച്ച് ദേവസ്വം ചെയർമാൻ യു പ്രദീപ്‌മേനോൻ നിർവ്വഹിച്ചു.

60 അടിയോളം ഉയരവും 6 നിലകളുമുള്ള ആധുനിക ഫോറെക്സ് അലങ്കാരപ്പന്തൽ ഐ സി എൽ ഗ്രൂപ്പ് ആണ് സമർപ്പിക്കുന്നത്. ചടങ്ങിൽ ഐ സി എൽ ഗ്രൂപ്പ് സി എം ഡി അനിൽകുമാർ, ദേവസ്വം ഭരണസമിതി അംഗങ്ങളായ കണ്ടെങ്കാട്ടിൽ ഭരതൻ, അഡ്വ. രാജേഷ് തമ്പാൻ, എ വി ഷൈൻ, കെ.ജി സുരേഷ്, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.

ശ്രീ കൂടൽമാണിക്യം തിരുവുത്സവ പ്രോഗ്രാം ബുക്ക് പ്രകാശനം ചെയ്തു: കൊടിയേറ്റം ഏപ്രിൽ 27, വലിയവിളക്ക് മെയ് 5,പള്ളിവേട്ട 6ന്, ആറാട്ട് 7ന്


ശ്രീ കൂടൽമാണിക്യം 2018 തിരുവുത്സവ പ്രോഗ്രാം ബുക്ക് ദേവസ്വം ഓഫീസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ചെയർമാൻ യു പ്രദീപ് മേനോനും തന്ത്രി പ്രതിനിധി എൻ പി പി നമ്പൂതിരിപ്പാടും ചേർന്ന് പ്രസ് ക്ലബ് പ്രസിഡന്റ് വി.ആർ സുകുമാരന് ആദ്യ പതിപ്പ് നൽകികൊണ്ട് പ്രകാശനം ചെയ്തു. ഏപ്രിൽ 28ന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന തിരുവുത്സവം മെയ് 7 ന് ചാലക്കുടി കൂടപുഴ ആറാട്ടോടെ സമാപിക്കുന്നു. ഏപ്രിൽ 24ന് ശുദ്ധിക്രിയകളോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കുന്നു. ഏപ്രിൽ 27 ന് രാത്രി 8:10 നും 8:45 നും മദ്ധ്യേ ഈ വർഷത്തെ ഉത്സവത്തിന്റെ കൊടിയേറ്റം കർമ്മം നടത്തുന്നു.

കൊടിയേറ്റത്തിന് ശേഷം ആദ്യമായി ചെയ്യുന്നത് ചാക്യാർകൂത്താണ്. പിന്നിട് നിത്യവും സന്ധ്യാ വെടിക്ക് ശേഷം കൂത്തമ്പലത്തിൽ ചാക്യാർകൂത്തും നങ്ങ്യാര്‍കൂത്തും അവതരിപ്പിക്കും. ആറാട്ട് ദിവസം ദേവൻ പുറത്തേക്കു എഴുന്നുള്ളിച്ചു പോകുന്നതിനു മുൻപ് രാവിലെയാണ് ഉണ്ടാവുക. കൂത്തിന്റെ നടത്തിപ്പ് പാരമ്പര്യ അവകാശിയായിട്ടുള്ള അമ്മന്നൂർ കുട്ടൻ ചാക്യാരും അമ്മന്നൂർ കുടുംബാംഗങ്ങളുമാണ് നടത്തുക. ബാലചരിതം കൂടിയാട്ടത്തിലെ സൂത്രധാരന്‍റെ ഭാഗമാണ് ഇവിടെ പതിവായി അവതരിപ്പിക്കുന്നത്. നങ്ങ്യാര്‍കൂത്ത് ചെയ്യുന്നത് പാരമ്പര്യ അവകാശിയായിട്ടുള്ള വിലുവട്ടത്ത് കുടുംബാംഗങ്ങളായ നങ്ങ്യാരമ്മമാരാണ് . ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍ കൂത്തിലെ കഥയാണ് അവതരിപ്പിക്കുന്നത്.

ഏപ്രിൽ 28ന് രാത്രി 9:30ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. കൊടിപുറത്ത് വിളക്ക് മുതൽ പള്ളിവേട്ട ശീവേലി കൂടി പതിവായി രണ്ടുനേരവും 17 ഗജവീരന്മാരോടും പദ്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടും കൂടി എഴുന്നുള്ളിപ്പ് നടക്കും. ഇത്തവണ പഞ്ചാരിമേളം പ്രമാണം പദ്മശ്രീ പെരുവനം കുട്ടൻമാരാരും പഞ്ചവാദ്യം പ്രമാണം ചോറ്റാനിക്കര സുബീഷ് നാരായണമാരാരുമാണ്.

ഏപ്രിൽ 28 മുതൽ മെയ് 5 വരെ രാത്രി നിത്യവും 9:30 മുതൽ വിളക്ക്, പഞ്ചാരിമേളം. ഏപ്രിൽ 29 മുതൽ മെയ് 6 വരെ നിത്യവും പകൽ 8:30 മുതൽ ശീവേലി, പഞ്ചാരിമേളം. ഏപ്രിൽ 28 മുതൽ മെയ് 5 വരെ നിത്യവും വൈകീട്ട് ക്ഷേത്ര കിഴക്കേനടപ്പുരയിൽ സന്ധ്യാവേലപ്പന്തലിൽ മദ്ദളപ്പയറ്റ് , കൊമ്പ്പറ്റ്, കുഴൽപറ്റ്. പടിഞ്ഞാറെ നടപ്പുരയിൽ കുറത്തിയാട്ടം തുടർന്ന് പാഠകം. ഏപ്രിൽ 29 മുതൽ മെയ് 5 വരെ ശീവേലിക്ക് ശേഷം കിഴക്കേനടപ്പുരയിൽ ഓട്ടൻതുള്ളൽ .

മെയ് 6 ഞായർ രാത്രി 8:15 പള്ളിവേട്ടക്ക് എഴുന്നെള്ളിപ്പ് . 9 മണിക്ക് ആൽത്തറയിൽ പള്ളിവേട്ട, തുടർന്ന് പഞ്ചവാദ്യവും 11 മണിക്ക് പാണ്ടിമേളവും 12 മണിക്ക് അകത്തേക്ക് എഴുന്നെള്ളിപ്പും. മെയ് 7 തിങ്കളാഴ്ച രാവിലെ 8:30 ന് പള്ളിനീരാട്ടിനു എഴുന്നെള്ളിപ്പ്. ചാലക്കുടി കൂടപുഴ ആറാട്ടുകടവിൽ ഉച്ചക്ക് 1 മണിക്ക് ആറാട്ട്. വൈകുനേരം 5 മണിക്ക് തിരുച്ചെഴുന്നെള്ളിപ്പ്. രാത്രി 9 മുതൽ ആൽത്തറയിൽനിന്നും പഞ്ചവാദ്യവും തുടർന്ന് 12 മണിക്ക്പാണ്ടിമേളവും അകത്തേക്ക് എഴുന്നെള്ളിപ്പും.

'പരശുരാമപദ്ധതി' എന്ന വൈഷ്ണവതന്ത്രസമ്പ്രദായപ്രകാരമുള്ള ആചാരങ്ങളെ അനുസരിക്കുന്ന പത്തു ക്ഷേത്രങ്ങള്‍ മാത്രമാണ് ഭാരതത്തിലുള്ളത്. അനുഷ്ഠാനശുദ്ധികൊണ്ട് ഇക്കാലത്തും അവയിലേറ്റവും പ്രാധാന്യമര്‍ഹിക്കുന്ന മഹാക്ഷേത്രത്തിലൊന്നായ ശ്രീകൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവ കലാപരിപാടികൾ ഭാരതീയകലാസംസ്‌കൃതിയുടെ പരിച്ഛേദമെന്ന നിലയിലും സംഗമപുരിയുടെ പൈതൃകവും പ്രഭാവവും ഒട്ടും നഷ്ടപ്പെടാതെയുമാണ് വിഭാവനം ചെയ്തിരിക്കുന്നതിനാല്‍ ഈ ഉത്സവത്തെ തികച്ചുമൊരു ദേശീയസംഗീതനൃത്ത വാദ്യോത്സവമെന്ന രീതിയിലും കാണാവുന്നതാണെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു.

വിശ്വവിഖ്യാതരായ കലാകാരന്‍മാരാണ് വിശേഷാല്‍പന്തലില്‍ നടക്കുന്ന മുഖ്യ സമയങ്ങളിലെ പരിപാടികളിലെല്ലാം പങ്കെടുക്കുന്നത്. വിദ്വാൻ വിജയ് ശിവ, ബോംബെ ജയശ്രീ, ജയകൃഷ്ണൻ ചെന്നൈ, ശ്രീവത്സം ജെ മേനോൻ എന്നിവരുടെ കർണാടക സംഗീതക്കച്ചേരി, ശർമിള ബിശ്വാസിന്‍റെ ഒഡിസി , അനുപമ കൈലാഷിന്‍റെ വിലാസിനി നാട്യം, പദ്മഭൂഷൺ സി വി ചന്ദ്രശേഖറിന്‍റെയും മീര ശ്രീനാരായണന്‍റെയും ഭരതനാട്യം , വിദുഷി അദിതി കൈങ്കിണി ഉപാദ്യായിയുടെ ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി, ഗൗരി ദിവാകറിന്‍റെ കഥക്, ഡോ. കലാമണ്ഡലം രജിത രവിയുടെ മോഹിനിയാട്ടം, ചിത്രവീണ എൻ രവികിരണിന്‍റെ വാദ്യസംഗീത സദസ്സ് എന്നിവയും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും ഉൾപ്പെടുത്തിയ ഇനങ്ങളും പ്രധാന സ്റ്റേജിൽ അരങ്ങേറുന്ന കലാപരിപാടികൾ. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ തിരുവുത്സവ കലാപരിപാടികളുടെ ഉദ്ഘാടനം ഏപ്രിൽ 28 ഒന്നാം ഉത്സവദിനത്തിൽ വൈകീട്ട് 4:30 പ്രധാന സ്റ്റേജിൽ നിർവഹിക്കും.

ഏഴു ദിവസങ്ങളിലും രാത്രി മേളത്തിനുശേഷം പുലരുംവരെ ഒരുക്കുന്ന കഥകളിയില്‍ പ്രാദേശികരായ കലാകാരന്മാരെക്കൂടാതെ കേരളത്തിലെ പ്രശസ്തരായ കലാമണ്ഡലം ഗോപിയടക്കമുള്ള മറ്റു കലാകാരന്മാരും ഉള്‍പ്പെടുന്നതരത്തില്‍ 150 ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്നുവെന്നത് ഈ വര്‍ഷത്തെ പ്രത്യേകതയായി കാണാവുന്നതാണ്. പതിവിൽനിന്നും വിപിരീതമായി കലാനിലയമല്ല പകരം ദേവസ്വം നേരിട്ടാണ് ഉത്സവ കഥകളികൾ നടത്തുന്നത് എന്ന് പത്രസമ്മേളനത്തിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പറഞ്ഞു. സുഭദ്രഹരണം, ദക്ഷയാഗം. നളചരിതം ഒന്നാംദിവസം, സന്താനഗോപാലം ബാലിവിജയം. കിർമ്മീരവധം, നരകാസുരവധം. കുചേലവൃത്തം, തോരണയുദ്ധം. രാവണോത്ഭവം, കിരാതം. ശ്രീരാമപട്ടാഭിഷേകം എന്നിവയുണ്ടാകും.

ജനപങ്കാളിത്തത്തോടുകൂടി നടത്തുന്ന ഈ ഉത്സവത്തിലെ കഥകളിയുള്‍പ്പടെ ഒട്ടുമിക്ക പരിപാടികള്‍ക്കും സമൂഹത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ധാരാളം സ്‌പോണ്‍സര്‍ഷിപ്പുകളും പിന്തുണയും ലഭിക്കുന്നു എന്നത് ആഹ്‌ളാദകരമായ വസ്തുതയാണെന്ന് ദേവസ്വം ഭരണസമതി അംഗങ്ങൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജേഷ് തമ്പാൻ, ഭരതൻ കണ്ടെങ്കാട്ടിൽ, കെ.ജി സുരേഷ്, എ വി ഷൈൻ, കെ കെ പ്രേമരാജൻ, എൻ പി പരമേശ്വരൻ നമ്പൂതിരിപ്പാട് , അഡ്മിനിസ്ട്രസ്റ്റർ എ.എം സുമ , എന്നിവർ സംബന്ധിച്ചു. കൂടൽമാണിക്യം ഉത്സവ പരിപാടികളുടെ പൂർണ്ണ ലിസ്റ്റ് കിട്ടുവാൻ www.koodalmanikyam.com സന്ദർശിക്കുക.

കൂടൽമാണിക്യം തിരുവുത്സവം : ജനപ്രതിനിധികളുടെ യോഗം ചേർന്നു


കൂടൽമാണിക്യം തിരുവുത്സവ നടത്തിപ്പ് മെച്ചപ്പെടുത്തുവാനായ് കൂടൽമാണിക്യം ദേവസ്വം ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. ദേവസ്വം ഓഫീസിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണസ്ഥാപനകളിലെ ജനപ്രതിനിധികൾ പങ്കെടുത്തു. ഉത്സവ നടത്തിപ്പുമായി ദേവസ്വം ഇതുവരെ ചെയ്ത കാര്യങ്ങൾ ചെയർമാൻ യു പ്രദീപ്‌മേനോൻ വിശദീകരിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ്‌കുമാർ, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി ജി ശങ്കരനാരായണൻ, എൻ.കെ ഉദയ പ്രകാശ് ,ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാൻ, എൻ. പി പരമേശ്വര നമ്പൂതിരിപ്പാട് ,കെ.കെ. പ്രേമരാജൻ, സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, നഗരസഭയിലെ കൗൺസിലർമാർ, കാട്ടൂർ ,കാറളം, പടിയൂർ പൂമംഗലം ,മുരിയാട് പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

കച്ചേരിപ്പറമ്പിൽ കൂടൽമാണിക്യം തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് തുറന്നു


കച്ചേരിപ്പറമ്പിൽ കൂടൽമാണിക്യം തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പരിസരം വൃത്തിയാക്കലും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ജി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കച്ചേരി വളപ്പിലെ കിഴക്കേയറ്റത്തെ മുറിയാണ് ഉത്സവാഘോഷ കമ്മിറ്റി ഓഫീസായി ഉപയോഗിക്കുക. പഴക്കം മൂലം നാശോന്മുഖമായ കെട്ടിടാവശിഷ്ടങ്ങൾ സ്ഥലത്തു നിന്നും നീക്കി പരിസരം വൃത്തിയാക്കുക, കച്ചേരിവളപ്പിലെ കിണർ ശുചീകരിച്ച് വൃത്തിയാക്കുക തുടങ്ങിയവ ഇവിടെ നിർവഹിക്കും.

ഉത്സവനാളുകളിൽ കോടതിസമയം കഴിഞ്ഞുള്ള സമയങ്ങളിലും രാത്രിയിലും ഇവിടെ പാർക്കിംഗ് സൗകര്യം ഒരുക്കും. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കച്ചേരിപ്പറമ്പ് കൂടൽമാണിക്യം ദേവസ്വത്തിനെ തിരികെ ലഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് ദേവസ്വത്തിന്‍റെ ഒരു ഔദോഗിക പരിപാടിക്കായി ഈ സ്ഥലം ഇപ്പോൾ ഉപയോഗിക്കുന്നത്.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ ബി രാജീവ്, ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ എ മനോഹരൻ, ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജേഷ് തമ്പാൻ, ഭരതൻ കണ്ടെങ്കാട്ടിൽ, കെ.ജി സുരേഷ്, അഡ്മിനിസ്ട്രസ്റ്റർ എ.എം സുമ , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ നവീകരിച്ച വെബ്സൈറ്റ് പ്രകാശനം ചെയ്തു


കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ നവീകരിച്ച വെബ്സൈറ്റ് ഉദ്‌ഘാടനം പ്രൊഫ കെ യു അരുണൻ എം എൽ എ നിർവ്വഹിച്ചു. 2001 മുതൽ പ്രചാരത്തിലുള്ള www.koodalmanikyam.com എന്ന വെബ്സൈറ്റിന്‍റെ പുതുക്കിയ പതിപ്പാണ് പ്രകാശനം ചെയ്തത്. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷനായിരുന്നു.

മാനേജിങ്ങ് കമ്മിറ്റി അംഗം അഡ്വ.രാജേഷ് തമ്പാൻ വെബ്സൈറ്റ് സൗകര്യങ്ങളെക്കുറിച്ചു വിശദികരിച്ചു. ഭക്തർക്ക് വെബ് സൈറ്റിലൂടെ ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം, തിരുവുത്സവത്തിന്‍റെ കാര്യ പരിപാടികൾ അറിയുവാനും ഡൗൺലോഡ് ചെയ്യുവാനുമുള്ള സൗകര്യം, ഉത്സവ പരിപാടികൾ തത്സമയം കാണുവാനുള്ള ലൈവ് സ്ട്രീമിങ് സംവിധാനം , ക്ഷേത്രങ്ങളിലെ കിഴേടങ്ങളേ കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ ഉൾപെടുത്തിയീട്ടുണ്ട്.

മാധ്യമ പ്രവർത്തകനായ ടി.ജി സിബിനാണ് വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ദേവസ്വം മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, എ.വി.ഷൈൻ, കെ.കെ.പ്രേമരാജൻ, കെ .ജി സുരേഷ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ , ദേവസ്വം തിരുവുത്സകമ്മിറ്റി അംഗങ്ങൾ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ കൃഷിയാരംഭിച്ചു


ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് ആവശ്യമായ വസ്തുക്കൾ കൃഷി ചെയ്തു വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി കൊട്ടിലാക്കൽ പറമ്പിൽ പൂജാ കദളിയും, നേന്ത്ര വാഴയും വെക്കുന്നതിന്‍റ ഉദ്ഘാടനം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ നിർവഹിച്ചു. വെള്ളിയാഴ്ച രാവിലെ കൊട്ടിലാക്കൽ പറമ്പിൽ കൃഷിക്കായി ഒരുക്കിയ 3 ഏക്കറിൽ ഇപ്പോൾ ക്ഷേത്ര നൈവേദ്യത്തിനു ആവശ്യാമായ 100 വാഴയാണ് വച്ചുപിടിപ്പിക്കുന്നത്. ജലസേചന സൗകര്യത്തിനായി സമീപത്തെ കുളം വൃത്തിയാക്കൽ ഉടൻ ആരംഭിക്കും.

ക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ നടത്താറുള്ള ഇല്ലം നിറയ്ക്കാവശ്യമായ നെൽക്കതിർ ദേവസ്വം ഭൂമിയിൽ തന്നെ കൃഷിചെയ്തു എടുക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അറിയിച്ചു. കരനെൽകൃഷിക്ക് പുറമെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി വഴുതനങ്ങ നിവേദ്യത്തിന് ആവശ്യമായ വഴുതനങ്ങയും കൊട്ടിലാക്കൽ പറമ്പിൽ മറ്റു വികസനങ്ങൾക്ക് തടസ്സമാകാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കും. ഈ സംരംഭത്തിന് ആവശ്യമായ വിത്ത് വാങ്ങിയതായും അദ്ദേഹം പറഞ്ഞു . ചെമ്മണ്ട കായൽ തീരത്തിനോട് ചേർന്ന്കൂടൽമാണിക്യം ക്ഷേത്രത്തിന് സ്വന്തമായുള്ള പതിമൂന്ന് ഏക്കർ സ്ഥലത്ത് ക്ഷേത്രത്തിലെ താമരമാലക്ക് ആവശ്യമായ താമര കൃഷിയും ഉടൻ ആരംഭിക്കും.

ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാൻ, എ വി ഷൈൻ, കെ ജി സുരേഷ്, കെ കെ പ്രേമരാജൻ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കലാനിലയം ഗോപി ആശാൻ, വെട്ടിക്കര പീതാമ്പരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി നടക്കുന്നത്.

കൂടൽമാണിക്യം തിരുവുത്സവത്തിന് ഒരു കോടി എട്ടുലക്ഷത്തി അറുപ്പത്തി നാലായിരം രൂപയുടെ ബജറ്റ് അവതരിപ്പിച്ചു


ഏപ്രിൽ 27ന് കൊടിയേറി കൂടപുഴയിൽ ആറാട്ടോടു കൂടി മെയ് 7 ന് അവസാനിക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവത്തിന് 1,08,64,903 രൂപയുടെ വരവും 96,86,000 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റ് കൂടൽമാണിക്യം പടിഞ്ഞാറേ ഊട്ടുപുരയിൽ തിരുവുത്സവം സംബന്ധിച്ചു ഞായറാഴ്ച ചേർന്ന ആലോചനാ യോഗത്തിൽ അവതരിപ്പിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി പ്രതിനിധി എൻ.പി പരമേശ്വരൻ നമ്പൂതിരിപ്പാട് തിരിതെളിയിച്ചു. പതിവിൽനിന്നും വിപിരിതമായി ഇത്തവണ തിരുവുത്സവ ആലോചനാ യോഗത്തിൽ ഭക്തജനങ്ങളുടെ നല്ല പങ്കാളിത്തം പ്രകടമായിരുന്നു. നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു , മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാർ , മുൻ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പനമ്പിള്ളി രാഘവമേനോൻ എന്നിവരുടെ സാനിധ്യവും ശ്രദ്ധിക്കപ്പെട്ടു

2018 തിരുത്സവ കമ്മിറ്റി ഓഫീസ്സ് ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചതായും ദേവസ്വം ചെയർമാൻ അറിയിച്ചു. തിരുവുത്സവം സംബന്ധിച്ച് നടക്കുന്ന കലാപരിപാടികൾ അവതരിപ്പിക്കാനുള്ള ലിസ്റ്റ് ഫെബ്രുവരി 15 നകം ലഭിക്കണമെന്നും, പ്രോഗ്രാം ബുക്ക് മാർച്ചിൽ തന്നെ പുറത്തിറക്കുമെന്നും, തിരുവുത്സവം സമാപിച്ചു ഒരു മാസത്തിനകം പൊതുയോഗം വിളിച്ചു വരവ് ചിലവുകണക്കുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചത് കരഘോഷങ്ങളോടെ സദസ്സ് സ്വീകരിച്ചു. തിരുവുത്സവം സംബന്ധിച്ച് ഇന്ന് രൂപീകരിച്ച ഭക്തകങ്ങളുടെ കമ്മിറ്റിയല്ലാതെ പുറമെ കൂടൽമാണിക്യം ഉത്സവത്തിന്റെ പേരിൽ മറ്റു പിരിവുകൾ പാടില്ലെന്നും അവ അനധികൃതമായി കണക്കാക്കി നിയമനടപടികൾ എടുക്കുമെന്നും ദേവസ്വം ചെയർമാൻ വ്യക്തമാക്കി.

മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, എ.വി.ഷൈൻ, അഡ്വ.രാജേഷ് തമ്പാൻ, കെ.കെ.പ്രേമരാജൻ, എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.ജി.സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ എ എം, ക്ഷേത്രം മാനേജർ രാജി സുരേഷ്, ഭക്തജനങ്ങൾ എന്നിവർ പുതിയ ദേവസ്വം കമ്മിറ്റി ഭരണം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ ആലോചനാ യോഗത്തിൽ പങ്കെടത്തു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ ആരംഭിച്ചു


കൂടൽമാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കലശപൂജകൾ തിങ്കളാഴ്ച്ച രാവിലെ 5:30ന് ആരംഭിച്ചു . എതൃത്തപൂജ 6 മണിക്കും 9 മണിക്ക് കലശാഭിഷേകങ്ങളും നടന്നു.

രാവിലെ 10 മണിക്ക് പെരുവനം പ്രകാശൻ മാരാർ നയിക്കുന്ന പാഞ്ചാരിമേളവും നടന്നു. ഉച്ചപൂജക്കു ശേഷം അന്നദാനം വൈകീട്ട് 5.15ന് കുമാരി അഖില ആന്റ് പാർട്ടിയുടെ തായമ്പക. വൈകീട്ട് 6.15 മുതൽ സോപാനലാസ്യം മോഹിനിയാട്ടവും തുടർന്ന് അത്താഴപൂജയും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് ബ്രഹ്മകലശം (നെയ്യ്), ബ്രഹ്മകലശം (തേൻ), ബ്രഹ്മകലശം (പാൽ), ബ്രഹ്മകലശം (തൈര്) തീർത്ഥകലശം, കുoേഭശകലശം, പഞ്ചഗവ്യം, നാൽപ്പാമരകഷായാഭിഷേകം, ദ്രവ്യകലശം അഭിഷേക വഴിപാടുകൾ എന്നിവ നടത്താവുന്നതാണ്

കൂടൽമാണിക്യം ക്ഷേത്രംവക സ്ഥലത്ത് ശബരിമല ഇടത്താവളം : ബി പി സി എൽ ഉന്നതസംഘം സ്ഥലം സന്ദർശിച്ചു


സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും വരുന്ന ശബരിമല തീർത്ഥാടകർക്ക് വിശ്രമം, പ്രാഥമികാവശ്യ നിർവ്വഹണം, കഫറ്റേറിയ, പാർക്കിംഗ് സൗകര്യം, പെട്രോൾ പമ്പ്, തുടങ്ങിയ സൗകര്യങ്ങൾ സജ്ജീകരിക്കാൻ പൊതുമേഖല സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ശബരിമല ഇടത്താവള സമുച്ചയം കൂടൽമാണിക്യം ക്ഷേത്രംവക സ്ഥലത്ത് വരുന്നു. കുട്ടൻകുളത്തിനു പേഷ്‌ക്കർ റോഡിനും സമീപത്തെ മണി മാളിക കെട്ടിടവും സമീപ സ്ഥലവുമാണ് ഇതിനായി ഉപയോഗിക്കുക. പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്(BPCL) ആണ് ഇടത്താവളം നിർമ്മിച്ച് നൽകുന്നത്. ഇതിനായി ബി പി സി എൽന്‍റെ ഉന്നത സംഘം വെള്ളിയാഴ്ച്ച കൂടൽമാണിക്യം സന്ദർശിച്ചു.

കുട്ടൻകുളത്തിനു പേഷ്‌ക്കർ റോഡിനും സമീപത്തെ മണി മാളിക കെട്ടിടവും സമീപ സ്ഥലവുമാണ് ശബരിമല ഇടത്താവളത്തിനായി ഉപയോഗിക്കുക ബി പി സി എൽന്‍റെ പെട്രോൾ പമ്പിന് സമീപത്ത് ഇരുനൂറിലധികം ശബരിമല തീർത്ഥാടകർക്ക് വിരി വിരിച്ചു വിശ്രമ സൗകര്യമൊരുക്കുന്ന കെട്ടിടവും ആന്ധ്ര, കർണ്ണാടക, തമിഴ്നാട്, കേരള ശൈലിയിലുള്ള ഭക്ഷണങ്ങൾ ലഭിക്കുന്ന കഫറ്റേറിയായും ഉൾപ്പെടുന്ന ഇടത്താവള കെട്ടിടമാണ് കൂടൽമാണിക്യം ദേവസ്വത്തിന് വേണ്ടി നിർമ്മിച്ച് നൽകുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ദേവസ്വത്തിന് തന്നെയായിരിക്കും. പെട്രോൾ പമ്പ് നടത്തുവാനുള്ള അവകാശം നിശ്ചിതകാലത്തേക്ക് ബി പി സി എൽന് ആയിരിക്കും. ശബരിമല സീസൺ കഴിഞ്ഞാൽ കെട്ടിടവും അനുബന്ധസൗകര്യങ്ങളും മറ്റാവശ്യങ്ങൾക്ക് ദേവസ്വത്തിന് ഉപയോഗിക്കുകയും ചെയ്യാം. ഇടത്താവളത്തിന്‍റെ എല്ലാ കാര്യങ്ങളും പൂർത്തിയായി കഴിഞ്ഞതായും സംസ്ഥാന സർക്കാരിന്‍റെ ഓർഡർ ഈ ആഴ്ച്ച തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ പറഞ്ഞു.

ഉത്സവം കഴിഞ്ഞ് മെയ് മാസത്തോടെ പണി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും 18 മാസം കൊണ്ട് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം പത്ത് കോടി രൂപയുടെ വികസനപ്രവർത്തണമെന്ന് ഇവിടെ വരുന്നത്. ഇതോടെ ശബരിമല തീർത്ഥാടന ഭൂപടത്തിൽ കൂടൽ മാണിക്യത്തിന് ഒരു നിർണ്ണായക സ്ഥാനം ലഭിക്കും. കേരളത്തിൽ ഇരുപത്തിടത്ത് ഇത്തരം ഇടത്താവളങ്ങൾ വരുന്നുണ്ട്. ദേവസ്വം മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, എ.വി. ഷൈൻ, കെ.കെ. പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുമ എ.എം, എന്നിവർ സന്നിഹിതരായിരുന്നു.

കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗങ്ങളും, ജീവനക്കാരും, ഭക്തജനങ്ങളും ക്ഷേത്ര പരിസരം വൃത്തിയാക്കി


കൂടൽമാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രവും പരിസരവും ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും ഒരുമിച്ചു ഞായറാഴ്ച രാവിലെ മുതൽ വൃത്തിയാക്കൽ ആരംഭിച്ചു. ക്ഷേത്ര മതിൽ കെട്ടിനകം, കെട്ടിട ഭാഗങ്ങൾ, ലക്ഷദീപ ചുറ്റുവിളക്കു മാടം, എന്നിവയാണ് കൂട്ടായ്മയിലൂടെ വൃത്തിയാക്കുന്നത്.

കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോനിൽ നിന്നും വൃത്തിയാക്കാനുള്ള സാധന സമഗ്രഹികൾ ഏറ്റുവാങ്ങി ചുറ്റുവിളക്കു മാടം തുടച്ചു വൃത്തിയാക്കൽ ആരംഭിച്ചതോടെ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ഭക്തജനങ്ങളും ഒപ്പം ചേർന്നു.

രാവിലെ മുതൽ തന്നെ സ്ത്രീകളടക്കം നൂറുകണക്കിന് പേർ പലസമയങ്ങളിലായി ഈ സംരംഭത്തിൽ പങ്കളികളായി. വരും ദിവസങ്ങളിൽ തുടർച്ചയായി വൃത്തിയാക്കൽ നടക്കുമെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു. എല്ലാ ഭക്ത ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, അഡ്വ.രാജേഷ് തമ്പാൻ, കെ.ജി.സുരേഷ്,എ.വി.ഷൈൻ, കെ.കെ.പ്രേമരാജൻ, ദേവസ്വം മാനേജർ രാജി സുരേഷ് എന്നിവർ പ്രവർത്തികൾക്ക് നേതൃത്വം നൽകി.

നൂറ്റാണ്ടിലാദ്യമായി കൂടൽമാണിക്യം കൂത്തമ്പലത്തിൽ ശ്രീരാമ പട്ടാഭിഷേകം അവതരണം


കൂടിയാട്ടത്തിൽ അത്യപൂർവമായി മാത്രം അവതരിപ്പിക്കുന്ന ശ്രീരാമ പട്ടാഭിഷേകം ഈ നൂറ്റാണ്ടിലാദ്യമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ അവതരണം തുടങ്ങി. ഭാസന്‍റെ അഭിഷേക നാടകത്തിലെ അവസാന അങ്കമായ അഭിഷേകാങ്കം ഒന്നാം ദിവസത്തിൽ ശ്രീ രാമന്‍റെ പുറപ്പാട് അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിച്ചു. ശ്രീരാമന്‍റെ പുറപ്പാടിൽ മിഴാവൊച്ചപ്പെടുത്തി ഗോഷ്ടികൊട്ടി അരങ്ങു തളിച്ച് ശ്രീരാമൻ പ്രവേശിച്ച്, വനവാസത്തിനു പുറപ്പെട്ട അവസ്ഥ മുതൽ രാവണ വധം വരെയുള്ള കഥ ചുരുക്കി അഭിനയിച്ചു. "ഹത്വാ രാവണ മാഹവേ " എന്ന ശ്ലോകം ചുരിക്കികാട്ടി നിത്യ ക്രിയയാടി അവസാനിപ്പിച്ചു.

വ്യാഴാഴ്ച അഭിഷേകാങ്കം 2 – ാംദിവസം ശ്രീ രാമന്‍റെ നിർവ്വഹണം 1 – ാം ദിവസത്തിൽ നിർവ്വഹണത്തിന്‍റെ സാങ്കേതിക രൂപങ്ങളായ അനുക്രമം, സംക്ഷേപം, ശ്ലോകാർത്ഥാവതരണം എന്നി രൂപങ്ങളിൽ കൂടിയാണ് അഭിനയിക്കുന്നത്. അമ്മന്നൂർ രജനീഷ് ചാക്യാരാണ് നിർവ്വഹണം നടത്തുക.

കൂടൽമാണിക്യം തൃപ്പുത്തരി സദ്യക്ക് ഭക്തജനപ്രവാഹം


തുലാം മാസത്തിലെ തിരുവോണ നാളിലെ തൃപ്പുത്തരിക്ക് ശനിയാഴ്ച രാവിലെ മുതൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം. രാവിലെ പുത്തരി നിവേദ്യത്തിനുള്ള പൂജ നടന്നു. നകരമണ്ണില്ലത്തിനാണ് പുത്തരി നിവേദ്യത്തിന് അധികാരം. മൂസ്സ് അരിയളക്കും. ഭക്തന്‍മാരുടെ വക അരിയിടലും പതിവാണ്. നേന്ത്രപ്പഴം, കദളിപ്പഴം, പച്ചക്കുരുമുളക്, പച്ചപ്പയര്‍, ചക്ക, ഇഞ്ചി, പച്ചമാങ്ങ ഇതെല്ലാം പുത്തരിക്ക് നിവേദിക്കും.

തന്ത്രി നകരമണ്ണില്ലത്ത് ത്രിവിക്രമന്‍ നമ്പൂതിരി പൂജയ്ക്ക് നേതൃത്വം നല്‍കും. സാധാരണ പൂജയുടെ നിവേദ്യത്തില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക മന്ത്രം തൊട്ട് ജപിച്ചാണ് പുത്തരി നിവേദ്യം നടത്തുന്നത്. തുടര്‍ന്ന് ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഭക്തജനങ്ങള്‍ക്കായി തൃപ്പുത്തരി സദ്യ ആരംഭിച്ചു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. ഈ നിവേദ്യ വസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ ചാലക്കുടി പോട്ടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു

ശ്രീകൂടൽമാണിക്യം തണ്ടികവരവിന്‌ ഇരിങ്ങാലക്കുടയിൽ ഭക്തിനിർഭരമായ സ്വീകരണം


ശ്രീകൂടൽമാണിക്യം തണ്ടികവരവിന്‌ ഇരിങ്ങാലക്കുടയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. തൃപ്പുത്തരിക്കുള്ള നിവേദ്യവസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ കൂടൽമാണിക്യം കിഴേടമായ ചാലക്കുടി പോട്ടപ്രവര്‍ത്തി കച്ചേരിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്ന ചടങ്ങാണ് തണ്ടികവരവ്. പോട്ടയില്‍ നിന്നും മേത്താള്‍ മടപ്പാട്ട് അപ്പുനായരുടെ നേതൃത്വത്തില്‍ വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായി തണ്ടിക കൊണ്ടുവന്നത്. 20 കിലോ മീറ്ററോളം നടന്ന് വൈകീട്ട് അഞ്ചരയോടെ തണ്ടിക ഇരിങ്ങാലക്കുട ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്ത് എത്തി. തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു.വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. പിറ്റേന്ന് ഈ വസ്തുക്കള്‍ ദേവന് നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് സദ്യയായി വിതരണം ചെയ്യും. ഇരിങ്ങാലക്കുടയിൽ വൻ മേളവാദ്യ ആഘോഷങ്ങളോടെയാണ് തണ്ടിക വരവിനെ സ്വീകരിച്ചത്. വാദ്യമേളങ്ങളോടെ അകമ്പടിയോടെ പുറപ്പെട്ട് പള്ളിവേട്ട ആൽത്തറയിൽ എത്തിചേർന്ന് തണ്ടികവരവ് ക്ഷേത്രത്തിലേക്കു പുറപ്പെട്ടു . നിരവധി ഭക്തജനങ്ങളാണ് തണ്ടികയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്. എട്ടര തണ്ട് നേന്ത്രക്കുല, രണ്ട് തണ്ട് കദളിക്കുല, ഫലവ്യജ്ഞനങ്ങള്‍, ദേവന് ആടാനുള്ള എണ്ണ, കോടിവസ്ത്രം തുടങ്ങിയവയാണ് തണ്ടികയായി ക്ഷേത്രത്തിലെത്തിയത്.

കൂടൽമാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു


നാലാമത് കൂടൽമാണിക്യം ദേവസ്വം മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. വെള്ളിയാഴ്ച രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ യു. പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, എ.വി.ഷൈൻ, അഡ്വ.രാജേഷ് തമ്പാൻ, കെ.കെ.പ്രേമരാജൻ, എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ .ജി സുരേഷ് എന്നിവർ പുതിയ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്.

എം എൽ എ പ്രൊഫ. കെ.യു. അരുണൻ അധ്യക്ഷനായിരുന്നു. ദേവസ്വം അഡിഷണൽ സെക്രട്ടറി പി. രാധാകൃഷ്ണൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം. സുമ ചടങ്ങിൽ സർക്കാർ ഉത്തരവ് വായിച്ചു. ദൈവ വിശ്വാസിയാണെന്നും തൊട്ടുകൂടായിമയിൽ വിശ്വസിക്കുന്നില്ലെന്ന സത്യവാചകം ചൊല്ലിയാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള ഈ മാനേജിങ്ങ് കമ്മിറ്റി അധികാരമേറ്റത്. ആദ്യമായ് ചേർന്ന ദേവസ്വം മാനേജിങ്ങ് കമ്മിറ്റി യോഗത്തിൽ യു പ്രദീപ് മേനോനെ ദേവസ്വം ചെയർമാനായി തിരഞ്ഞെടുത്തു.

യു. പ്രദീപ് മേനോൻ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ


കൂടൽമാണിക്യം ദേവസ്വം ചെയർമാനായി യു. പ്രദീപ് മേനോനെ ഐക്യ കണ്ടെന്ന തിരഞ്ഞെടുത്തു. വെള്ളിയാഴ്ച രാവിലെ നടന്ന സത്യാ പ്രതിജ്ഞ ചടങ്ങിന് ശേഷം ഉച്ചക്കി 2 മണിക്ക് ദേവസ്വം അഡിഷണൽ സെക്രട്ടറി പി. രാധാകൃഷ്ണന്‍റെ സാനിധ്യത്തിൽ കൊട്ടിലായികലിലെ കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ ചേർന്ന പ്രഥമ മാനേജ്മെൻറ് കമ്മിറ്റി യോഗത്തിൽ ഐക്യകണ്േനെയായിരുന്നു ചെയർമാൻ തിരഞ്ഞെടുപ്പ്.

യു.പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, എ.വി.ഷൈൻ, അഡ്വ.രാജേഷ് തമ്പാൻ, കെ.കെ.പ്രേമരാജൻ, എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ .ജി സുരേഷ് എന്നിവർ പുതിയ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായി സ്ഥാനമേറ്റു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം. സുമ സന്നിഹിതയായിരുന്നു. ഭക്ത ജനങ്ങളുടെ താൽപര്യപ്രകാരം ഏവരുടെയും സഹകരണത്തോടുകൂടി കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ഭരണം നടത്തുമെന്നും ദേവസ്വം ചെയർമാനായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം യു. പ്രദീപ് മേനോൻ പറഞ്ഞു.

സി.പി.എം പ്രധിനിധിയായ പ്രദീപ് മേനോൻ നടവരമ്പ് സ്വദേശിയാണ്. കല്ലംകുന്ന് സഹകരണ ബാങ്കിലെ പ്രസിഡന്റാണ് . ഇരുപത്തി രണ്ട് വർഷം പ്രവാസിയായിരുന്നു . അമേരിക്കൻ മലയാളി അസോസിയേഷന്‍റെ സ്ഥാപക ചെയർ മാൻ ആയിരുന്നു.. പത്തുവർഷം ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബി ന്‍റെ ചെയർമാനായി പ്രവർത്തിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ ആയി തിരഞ്ഞെടുത്ത യു. പ്രദീപ് മേനോനെ ദേവസ്വം ഓഫീസിൽ എത്തി സി.പി.ഐ.എം. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ അഭിനന്ദിച്ചു.

കൂടൽമാണിക്യം തിരുവുത്സവം 2018 സംഭാവനകൾ സ്വീകരിച്ചു തുടങ്ങി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‍റെ ഭാഗമായുള്ള സംഭാവനകളും വഴിപാടുകളും ദേവസ്വം ഓഫീസിൽ സ്വീകരിച്ചു തുടങ്ങി. ആദ്യ സംഭാവന മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ പദ്മ ഭൂഷൺ ഡോ .കെ രാധാകൃഷ്ണനിൽ നിന്ന് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപ സ്വീകരിച്ചു കൊണ്ട് ആരംഭിച്ചതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു.പ്രദീപ് മേനോനും അഡ്മിനിസ്ട്രേറ്റർ എ.എം സുമയും അറിയിച്ചു.

ഉത്സവ വഴിപാടുകൾ Koodalmanikyam Administrator, Account number : 151715500006167. IFSC : KVBL0001517. Bank: Karur Vaisya Bank Irinjalakuda Branch അയക്കേണ്ടതാണ്. കൂടൽ മാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2018 ഏപ്രിൽ 27 വെള്ളിയാഴ്ച (1193 മേടം 14 ) കൊടികയറി മെയ് 7 തിങ്കളാഴ്ച (1193 മേടം 24 ) ചാലക്കുടി കൂടപുഴ ആറാട്ടുകടവിൽ ആറാട്ടോടു കൂടി ആഘോഷിക്കുന്നു.