CHADANGUKAL

ശ്രീ കൂടൽമാണിക്യം ക്ഷേത്രം ഉത്സവച്ചടങ്ങുകളും സവിശേഷതകളും

കേരളത്തിലെ പദ്ധതി ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്ന 10 പ്രധാനപ്പെട്ട വിഷ്ണുക്ഷേത്രങ്ങളില്‍ പ്രഥമഗണനീയമായ ക്ഷേത്രമാണ് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം. കേരളത്തില്‍ അളവറ്റ ഭൂസ്വത്തുണ്ടായിരുന്ന ഏക ക്ഷേത്രമാണ് ഈ ക്ഷേത്രം. താമരമഠം, കുലിപിനിതീര്‍ത്ഥം, വഴുതനങ്ങ നിവേദ്യം, ആണ്ടിലൊരിക്കല്‍ വരുന്ന മുക്കുടിനിവേദ്യം, ഉപദേവതകളില്‍ വാഴ്ച തുടങ്ങിയവ ഈ ക്ഷേത്രത്തിന്റെ മാത്രം സവിശേഷതകളാണ്. പദ്ധതി ക്ഷേത്രങ്ങളിലെ മാത്രം പ്രത്യേകതകളായ കര്‍പ്പൂരം, ചന്ദനത്തിരി, സുഗന്ധപുഷ്പങ്ങള്‍, ഉത്സവബലി, ബലിക്കല്‍‌പുര തുടങ്ങിയവ ഇവിടെ ഇല്ലാത്തതാകുന്നു. പദ്ധതി ക്ഷേത്രങ്ങളില്‍ ബലിക്കല്‍പുര, ദീപാരാധന, നവകം പൂജിക്കുമ്പോള്‍ പഞ്ചഗവ്യം പൂജ, ഉത്സവബലി എന്നിവ നടത്താറില്ല. ഈ ക്ഷേത്രങ്ങളില്‍ എല്ലാം കിഴക്കോട്ട് ദര്‍ശനമായ പ്രതിഷ്ഠയാണ് ഉള്ളത്.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് വൈവിദ്ധ്യമുള്ളതും ക്രിയാസമ്പുഷ്ടമായ ഒട്ടനേകം ചടങ്ങുകള്‍ ഉണ്ട്. ഒന്നാംദിവസം സന്ധ്യക്കുശേഷം പ്രാസാദ ശുദ്ധിക്രിയകള്‍ നടത്തുന്നു. ക്ഷേത്രത്തിന്റെ പ്രാസാദത്തെ ശുദ്ധീകരിക്കുവാനായി നടത്തുന്ന ചടങ്ങുകളാണ് ഇത്. മണ്ഡപത്തില്‍ നിര്‍വ്വിഘ്‌നപരിസമാപ്തിയെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഗണപതിപൂജ നടത്തി, ശ്രീകോവിലിന്റെ ഉള്ളിലും ഇടനാഴികളിലും പ്രാസാദത്തിലും ശുദ്ധിവരുത്തി പൂജിക്കുന്നു. ശ്രീകോവിലിനു പുറത്ത് ദേവന്റെ വലതുഭാഗത്ത് രാക്ഷോഘ്‌നഹോമം നടത്തുന്നു. ഇടത് വാസ്തുഹോമം, വാസ്തുലി, വാസ്തുകലശപൂജ എന്നിവ ചെയ്യുന്നു. രാക്ഷോഘ്‌നഹോമത്തിന്റെയും വാസ്തുഹോമത്തിന്റെയും സമ്പാതം അകത്ത് സ്പര്‍ശിക്കുന്നു. വാസ്തുകലശങ്ങള്‍ ആടി പുണ്യാഹം നടത്തുന്നു. ക്ഷേത്രവാസ്തുവിന്റെ അകത്ത് സംഭവിച്ചേക്കാവുന്ന ദോഷപരിഹാരമായിട്ടാണ് ഇവ നടത്തുന്നത്. അതിനുശേഷം അത്താഴപൂജ നടത്തുന്നു.

രണ്ടും മൂന്നും ദിവസങ്ങളില്‍ കാലത്തും ഉച്ചപ്പൂജയ്ക്കും നടത്തുന്ന - ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം - ഈ ക്രിയകളെ 'ബിംശുദ്ധി' ക്രിയകള്‍ എന്നാണു പറയുന്നത്. ബിംബത്തിനു സംഭവിച്ചേക്കാവുന്ന ചെറിയ ദോഷങ്ങളെ പരിഹരിക്കുന്നതിനാണ് ബിംബശുദ്ധിക്രിയകള്‍ നടത്തുന്നത്. മൂന്നാംദിവസം വൈകീട്ട് മണ്ഡപത്തില്‍ സ്ഥലശുദ്ധി ക്രിയകള്‍ ചെയ്ത്‌ പത്മമിട്ട് നാലാം ദിവസം രാവിലെ ബ്രഹ്മകലശവും പരികലശങ്ങളും കുംഭേശകര്‍ക്കരിയും പൂജിച്ച് അധിവാസഹോമം നടത്തി, ഹോമസമ്പാതം കലശങ്ങളില്‍ സ്പര്‍ശിക്കുന്നു. നടുക്ക് അഷ്ടദളപത്മത്തില്‍ ബ്രഹ്മകലശവും, ചുറ്റും എട്ടുദളകലശങ്ങലും. പുറത്ത് എട്ട് ഖണ്ഡങ്ങളാക്കി തിരിച്ച് ഓരോ ഖണ്ഡത്തിന്റെയും മദ്ധ്യത്തില്‍ 16 ഖണ്ഡബ്രഹ്മഗലശവും അതിനുചുറ്റും പരികലശങ്ങളും പൂജിക്കുന്നു. തനി സ്വര്‍ണ്ണക്കുടത്തിലാണ് നെയ്യുനിറച്ച് ബ്രഹ്മകലശമായി പൂജിക്കുന്നത്. എതൃത്തപൂജ കഴിഞ്ഞാല്‍ ഉച്ചപൂജയ്ക്ക് കലശങ്ങളും കുംഭേശനും ദേവന് അഭിഷേകം ചെയ്യുന്നു. വൈകുന്നേരം - ആചാര്യവരണം നടത്തുന്നു. ''കൂറയും പവിത്രവും നല്‍കുക'' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചടങ്ങുകൊണ്ട് ക്ഷേത്രത്തിലെ ഉത്സവം നടത്തുവാനര്‍ഹനായ ഗുരുവിനെ (തന്ത്രിയെ) വസ്ത്രവും ദക്ഷിണയും നല്‍കി സ്വീകരിക്കുകയാണ് ചെയ്യുന്നത്.

ആചാര്യവരണത്തിനു ശേഷം കൊടിയേറ്റത്തിനുള്ള ക്രിയകള്‍ ആരംഭിക്കുന്നു. പുണ്യാഹം ചെയ്തു ശുദ്ധീകരിച്ച് ദര്‍ഭ കൊണ്ടുള്ള കൂര്‍ച്ചം, പുതിയ കൊടിക്കൂറ, മണി, മാല എന്നിവയിലേക്ക് വാഹനത്തെയും മറ്റും ആവാഹിച്ച് പൂജിക്കുന്നു. പാണി കൊട്ടിക്കഴിഞ്ഞാല്‍ കൊടിക്കൂറയും മറ്റും എടുത്ത് പുറത്തേക്കു വന്ന് കൊടിമരം പ്രദക്ഷിണം ചെയ്ത് പുണ്യാഹം തളിച്ച് ശുദ്ധീകരിച്ച് കൊടിമരത്തിന് പൂജ ചെയ്യുന്നു. കൊടിയേറ്റത്തിനുള്ള സമയത്ത് ദാനം, മുഹൂര്‍ത്തം ചെയ്ത് കൊടികയറി, പൂജ അവസാനിപ്പിച്ചു പോരുന്നു. പിന്നീട് അത്താഴപൂജ നടത്തുന്നു.

അഞ്ചാം ദിവസം കാലത്ത് മണ്ഡപത്തില്‍ സ്ഥലശുദ്ധി ചെയ്ത് പത്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശ കര്‍ക്കരി പൂജ, അധിവാസഹോമം എന്നിവ യഥാവിധി നിര്‍വഹിക്കുന്നു എതൃത്ത പൂജ കഴിഞ്ഞ് ഉച്ചപൂജയ്ക്ക് കലശാഭിഷേകം നടത്തുന്നു. വൈകുന്നേരം ഒരു യാമം കഴിഞ്ഞാല്‍ ബീജാരോപണത്തിനുള്ള ക്രിയകള്‍ ആരംഭിക്കുന്നു. മുളപൂജയ്ക്കുള്ള സ്ഥലത്ത് സ്ഥലശുദ്ധി ചെയ്ത് പത്മമിട്ട് ഓട് കൊണ്ടുള്ള മുളമ്പാലികള്‍ വയ്ക്കുന്നു. നാന്ദീമുഖം ചെയ്ത് പുണ്യാഹമുണ്ടാക്കി മുളദ്യവ്യങ്ങള്‍ക്ക് തളിക്കുന്നു. പ്രത്യേകമായ ഒരു കലത്തില്‍ മുളദ്രവ്യങ്ങള്‍ എടുത്ത് പാല്, ശുദ്ധജലം എന്നിവയാല്‍ കഴുകി വൃത്തിയാക്കുന്നു. 12 ദ്രവ്യങ്ങളാണ് ഇതിനുപയോഗിക്കുന്നത്. പൂജ ചെയ്ത് ദാനം, മുഹൂര്‍ത്തം ചെയ്ത് മുളയിട്ട് നനച്ച് പൂജ മുഴുവനാക്കുന്നു. അതിനുശേഷം ദേവഗണങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും ബലിയിടാനുള്ള ഹവിസ്സ് പൂജിക്കുന്നു. അത്താഴപൂജ തുടങ്ങി തിടമ്പിലേക്ക് ദേവാംശത്തെ ആവാഹിച്ച് എഴുന്നള്ളിക്കുന്നു. ശ്രീഭൂതബലി നടത്തുന്നു. ശ്രീഭൂതലിയുടെ ആദ്യപ്രദക്ഷിണം കൊണ്ട് അഷ്ടദിക്പാലന്മാരെ പൂജിച്ച് ബലിതൂകുന്നു. തുടര്‍ന്ന് മാതൃക്കല്‍ ബലി നടത്തുന്നു.

വാതില്‍മാടത്തില്‍ ദേവീസങ്കല്പത്തില്‍ ബലിതൂകി, നിവേദിക്കുന്നു എന്നത് ഈ ക്ഷേത്രത്തിലെ ഒരു പ്രത്യേകതയാണ്. തുടര്‍ന്ന് പുറത്തേക്കെഴുന്നള്ളിക്കുന്നു. കൊടിപ്പുറത്തു വിളക്കു കഴിഞ്ഞ് തിടമ്പ് അകത്തുവന്നാല്‍ തിടമ്പില്‍നിന്ന് മൂലിംത്തിലേക്ക് ആവാഹിച്ച് ചേര്‍ത്ത് പൂജിക്കുന്നു.

ആറാംദിവസം കാലത്ത് സ്ഥലശുദ്ധിചെയ്ത മണ്ഡപത്തില്‍ ബ്രഹ്മകലശം, പരികലശങ്ങള്‍, കുംഭേശ-കര്‍ക്കരി എന്നീ പൂജകളും മുളപൂജയും ചെയ്യുന്നു. അധിവാസഹോമം നടത്തി സമ്പാതം കലശങ്ങളില്‍ സ്പര്‍ശിക്കുന്നു. എതൃത്തപൂജ ചെയ്ത് ആവാഹിച്ചെഴുന്നള്ളിച്ച് ശ്രീഭൂതബലി ശീവേലി കഴിഞ്ഞ് വന്നാല്‍ തിടമ്പില്‍നിന്ന് ശക്തി മൂലിംത്തിലേക്ക് ആവാഹിച്ചുചേര്‍ത്തു പൂജ ചെയ്യുന്നു. ഉച്ചപൂജയ്ക്ക് കലശാഭിഷേകം.

വൈകുന്നേരം മണ്ഡപത്തില്‍ കലശപൂജയ്ക്കുള്ള സ്ഥലശുദ്ധി, മുളപൂജ, അത്താഴപൂജയ്ക്ക് ആവാഹിച്ചെഴുന്നള്ളിച്ച് ശ്രീഭൂതലി. വിളക്കു കഴിഞ്ഞു വന്നാല്‍ തിടമ്പില്‍ നിന്ന് ആവാഹിച്ച് മൂലബിംബത്തില്‍ ചേര്‍ത്തു പൂജിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പള്ളിവേട്ടനാള്‍ ഉച്ചപൂജ കഴിയുന്നതുവരെ ക്രിയകളില്‍ മാറ്റമില്ല. പള്ളിവേട്ട ദിവസം വൈകുന്നേരം മുളപൂജ ഇല്ല. അത്താഴപൂജയ്ക്ക് ആവാഹിച്ചെഴുന്നള്ളിച്ച് ശ്രീഭൂതബലി തൂവിക്കഴിഞ്ഞാല്‍ കൊടിമരച്ചുവട്ടില്‍വച്ച് ദേവന്റെ അനുവാദം വാങ്ങി പള്ളിവേട്ടയ്ക്ക് പാണികൊട്ടുന്നു. പാണി കഴിഞ്ഞാല്‍ ഗോപുര ദ്വാരത്തിലും ആല്‍ത്തറയിലും ബലിതൂകി പള്ളിവേട്ട ആല്‍ത്തറയില്‍ ബലിതൂകി പള്ളിനായാട്ടിന് അനുവാദം നല്‍കുന്നു. പള്ളിനായാട്ട് കഴിഞ്ഞ് തിടമ്പ് അകത്തുവന്നാല്‍ തിടമ്പില്‍ നിന്ന് ആവാഹനം ചെയ്ത് മൂലബിംബത്തില്‍ ചേര്‍ത്ത് നിവേദ്യം സമര്‍പ്പിച്ച് പൂജ മുഴുവനാക്കുന്നു.

മണ്ഡപത്തില്‍ പത്മമിട്ട് ദേവന് ശയ്യ ഒരുക്കുന്നു. പട്ടുകിടക്കയില്‍ പുതിയ വസ്ത്രവും വിരിച്ച് വെണ്‍ചാമരം, ആലവട്ടം, ശയ്യയ്ക്കുചുറ്റും മുളമ്പാലികള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്ന ശയ്യ (കിടക്ക)യെയും പീഠത്തെയും പൂജിക്കുന്നു. അകത്തുചെന്ന് ഗണപതി നിവേദിച്ച് ഘൃതാരോപണത്തിന് പുണ്യാഹം ചെയ്തു ഘൃതാരോപണം ചെയ്ത് കാപ്പുകെട്ടി ദേവനു പുഷ്പാഞ്ജലി ചെയ്ത് പ്രാര്‍ത്ഥിച്ച് പൂജ നടത്തുന്നു. മൂലിംത്തിന് തീര്‍ത്ഥാവസാനം പൂജിക്കുക. അഭിഷേകം, ഭൂതസംഹാരം എന്നിവയാല്‍ ശുദ്ധീകരിച്ച തിടമ്പിലേക്ക് ആവാഹിച്ചുചേര്‍ത്ത് പൂജ ചെയ്ത് മണ്ഡപത്തിലേക്ക് തന്ത്രി തിടമ്പ് സ്വയം കൊണ്ടുപോരുന്നു. പീഠത്തില്‍വച്ച് പൂജയും നിവേദ്യസമര്‍പ്പണവും നടത്തി തിടമ്പിനെ ശയ്യയില്‍ പ്രാസാദാഭിമുഖമായി ഇരുത്തി താംബൂനിവേദ്യം നടത്തി തീര്‍ത്ഥാനന്തരം ശയ്യയില്‍ കിടത്തുന്നു. വസ്ത്രം കൊണ്ട് പുതപ്പിച്ച്, ആലവട്ടം കൊണ്ടു വീശി ദേവനെ പള്ളിയുറക്കുന്നു. വ്യാപകങ്ങളെക്കൊണ്ട് ദേവനെ ജാഗ്രദവസ്ഥയില്‍ നിന്ന് സ്വപ്‌നാവസ്ഥയിലേക്കും സുഷുപ്ത്യാവസ്ഥയിലേക്കും തുരിയാവസ്ഥയിലേക്കും (പരമാനന്ദാവസ്ഥ) നയിച്ച്, രക്ഷിച്ച് തന്ത്രി ഉറങ്ങാതെ മൂലമന്ത്രം ജപിച്ചിരിക്കുന്നു.

ആറാട്ടുനാള്‍ പുലര്‍ച്ചെ പള്ളിയുണര്‍ത്തല്‍ ചടങ്ങുകളാണ് നടത്തുന്നത്. മണ്ഡപത്തില്‍ പൂജ തുടങ്ങി പൂജാമണി കൊട്ടി ദേവനെ പള്ളിയുറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നു. ശയ്യയിലിരുത്തി ദേവനെ കണി കാണിക്കുന്നു. തലേദിവസത്തെ പൂജ (തീര്‍ത്ഥാനന്തരം) ചെയ്ത് ദേവനെ പീഠത്തിന്മേല്‍ ഇരുത്തി പൂജിച്ച് സ്‌നാനകാലത്ത് സ്‌നാനപാത്രത്തിലിരുത്തി പല്ലുതേപ്പിക്കുകയും മറ്റും ചെയ്ത് പൂജിച്ച് ശുദ്ധീകരിച്ച എണ്ണ മുതലായത് അഭിഷേകം ചെയ്യുന്നു. ദേവനെ അഭിഷേകം ചെയ്ത് കുളിപ്പിച്ച് പുണ്യാഹം ചെയ്ത് ശുദ്ധമാക്കിയ മഞ്ഞള്‍പൊടി ചാര്‍ത്തി പുനഃസ്‌നാനം ചെയ്യിച്ച് പീഠത്തിലിരുത്തി പട്ടുടയാട ആഭരണങ്ങള്‍, കറുകമാല, കണ്ണെഴുത്ത്, വൈരമാല എന്നിവകൊണ്ട് അലങ്കരിക്കുന്നു. ഗ്രന്ഥം പൂജിച്ച് ദേവനം വായിപ്പിച്ച്, ദാനം ചെയ്യുകയും അയാളെക്കൊണ്ട്പൂ ജാവസാനം വരെ ഗ്രന്ഥം വായിപ്പിക്കുകയും ചെയ്യുന്നു. നിവേദ്യം സമര്‍പ്പിച്ച് പൂജ മുഴുവനാക്കി മുളദേവനെ ചൂടിച്ച് പാണികൊട്ടി അകത്തേക്ക് എഴുന്നള്ളിക്കുന്നു. പിന്നീട് തിടമ്പില്‍ നിന്ന് ആവാഹിച്ചു ചേര്‍ത്ത് മൂലിംത്തില്‍ പൂജ നടത്തുന്നു. എതൃത്തപൂജ കഴിഞ്ഞാല്‍ ഹവിസ്സ് പൂജ ചെയ്ത് ആറാട്ടുക്രിയകളാരംഭിക്കുന്നു. ഗണപതി നിവേദിച്ച് പുണ്യാഹം നടത്തി പുഷ്പാഞ്ജലിയും ചെയ്ത് പ്രാര്‍ത്ഥിച്ച് പൂജ ആരംഭിച്ച് യഥാസമയം അഭിഷേകാദികളെക്കൊണ്ട് ശുദ്ധമാക്കിയ തിടമ്പിലേക്ക് ആവാഹിച്ചെഴുന്നള്ളിക്കുന്നു. മൂലബിംബത്തിന് മഞ്ഞള്‍പ്പൊടി ചാര്‍ത്തി രക്ഷിച്ച് പാണികൊട്ടി ശ്രീഭൂതബലി നടത്തുന്നു. അകത്തും പുറത്തും ഓരോ പ്രദക്ഷിണം കൊണ്ടാണ് ശ്രീഭൂതബലി ചെയ്യുന്നത്. കൊടിമരച്ചുവടത്തില്‍ വന്ന് പാണികൊട്ടി കൊടിമരത്തിന് നിവേദിച്ച് ആനപ്പുറത്തുകയറി പ്രദക്ഷിണം ചെയ്ത് ഗോപുരദ്വാരങ്ങളിലും ആല്‍ത്തറയിലും തൂവി ആറാട്ടിന് പുറപ്പെടുന്നു. ഈ ശ്രീഭൂതലിക്ക് ആദ്യപ്രദക്ഷിണമായി ശ്രീഭൂതലിയോടൊപ്പം തിടമ്പും എഴുന്നള്ളിക്കാറുണ്ട്. രണ്ടാമത്തെ പ്രദക്ഷിണമാണ് ആനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ടുനടത്തുന്നത്.

ആറാട്ടുകടവിലെത്തിയാല്‍ തുടര്‍ന്ന് പീഠത്തില്‍വച്ച് പൂജിച്ച് സ്‌നാനസമയത്ത് ദേവനെ ആറാടിച്ച് പുണ്യാഹം ചെയ്തു മഞ്ഞള്‍പൊടി ചാര്‍ത്തി വീണ്ടും ആറാടിക്കുന്നു. പൂജ മുഴുവനാക്കി പാണികൊട്ടി ആറാട്ടുകടവില്‍ നിന്ന് തിരിച്ച് എഴുന്നള്ളിക്കുന്നു.

ആറാട്ടുവിളക്ക് കഴിഞ്ഞാല്‍ മതില്‍ക്കകത്തു വന്ന് പ്രദക്ഷിണം പൂര്‍ത്തിയാക്കിയാല്‍ കൊടിമരച്ചുവട്ടില്‍ തൂവി പൂജ മുഴുവനാക്കുന്നു. കൊടിയേറ്റുന്ന നാള്‍ നിവേദ്യം കഴിയുന്നതു വരെയുള്ള ധ്വജപൂജയാണ് നടത്തുന്നത്. തുടര്‍ന്നുള്ളപൂജ ചെയ്ത് കൊടിക്കൂറ, മണി, മാല, വാഹനശക്തി എന്നിവയെ ഉദ്വസിച്ച് തിടമ്പില്‍ ലയിപ്പിച്ച് അകത്തുചെന്ന് പൂജചെയ്ത് തിടമ്പില്‍ നിന്നും മൂലബിംബത്തിലേക്ക് ആവാഹിച്ചു ചേര്‍ത്ത് പൂജ പൂര്‍ത്തിയാക്കുന്നു. അതിനുശേഷം കാപ്പ് അഴിച്ച് ഉച്ചപൂജയും അത്താഴപൂജയും നടത്തുന്നു.

ആറാട്ടുകഴിഞ്ഞ് പിറ്റേദിവസം കാലത്ത് മണ്ഡപത്തില്‍ സ്ഥലശുദ്ധിചെയ്ത് പത്മമിട്ട് ആറാട്ടുകലശം പൂജിക്കുന്നു. ബ്രഹ്മകലശം, പരികലശങ്ങള്‍, കുംഭേശ-കര്‍ക്കരി പൂജകളും അധിവാസ ഹോമവും നടത്തി കലശങ്ങളില്‍ ഹോമസമ്പാതം സ്പര്‍ശിക്കുന്നു. എതൃത്തപൂജ കഴിഞ്ഞ് ഉച്ചപൂജയ്ക്ക് കലശാഭിഷേകം നടത്തുന്നു. ഹവിസ്സ് പൂജ ചെയ്ത് ആവാഹിച്ച് എഴുന്നള്ളിക്കാതെ ശ്രീഭൂതബലിയും ചെയ്യുന്നു.

ദേവനെ ദര്‍ശിക്കാന്‍ അത്യുത്തമമായ ചില സന്ദര്‍ഭങ്ങള്‍ ഉള്ളതാണ്. നിര്‍മ്മാല്യദര്‍ശനം, അഭിഷേക സമയത്ത്, പൂജ കഴിഞ്ഞ് നട തുറക്കുന്ന സന്ദര്‍ഭം എന്നിവയാണ് അവ. ഈ സമയത്ത് എല്ലാ ദേവീദേവന്മാരുടേയും സാന്നിദ്ധ്യം ഈ ക്ഷേത്രത്തില്‍ ഉണ്ടെന്നാണ് വിശ്വാസം.

ഉത്സവകാലത്ത് ദര്‍ശനം നടത്തുന്നത് സാധാരണ ദിവസത്തെ ദര്‍ശനത്തേക്കാള്‍ വിശേഷമാണ്. മണ്ഡപത്തിലെ കലശപൂജ, ബ്രഹ്മകലശാഭിഷേകം, മാതൃക്കല്‍ ബലി, കൊടിപ്പുറത്തുവിളക്കിന് ആദ്യമായി ഭഗവാന്‍ പുറത്തേക്ക് എഴുന്നള്ളുന്നത്, ആറാട്ടുനാളില്‍ പള്ളിക്കുറുപ്പുണര്‍ത്തല്‍ , ആറാട്ട് കഴിഞ്ഞ് ക്ഷേത്രത്തിനുള്ളില്‍ പ്രദക്ഷിണം ആരംഭിക്കല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളെല്ലാം ഭഗവത്ദര്‍ശനത്തിന് വളരെ മുഖ്യമാണ്.

15 ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്നതാണ് ഉത്സവചടങ്ങുകള്‍. ക്രിയാബാഹുല്യം, സമ്പുഷ്ടത, നിത്യബ്രഹ്മകലശം, മേളം, കലാപരിപാടികള്‍ എന്നിവ ഒത്തുചേര്‍ന്ന് നടക്കുന്ന ഉത്സവം ഈ ക്ഷേത്രത്തില്‍ മാത്രമാകുന്നു. സംഗമേശന്റെ കരുണാകടാക്ഷം അനുസ്യൂതം അഭംഗുരം എല്ലാവര്‍ക്കും ലഭിക്കുമാറാകട്ടെ.

നെടുമ്പിള്ളി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് (ക്ഷേത്രം തന്ത്രി)