ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴേടമായ ആളൂര്‍ക്കാവ് ഭഗവതീക്ഷേത്രം തലപ്പിള്ളി താലൂക്കില്‍ ആളൂര്‍ വില്ലേജില്‍ കാഴക്കാളൂര്‍ ദേശത്ത് സ്ഥിതിചെയ്യുന്നു. കാഴക്കാളൂര്‍ ദേശമാകട്ടെ മൂന്നു ഭാഗവും വിസ്തൃതമായ നെല്‍പ്പാടവും പടിഞ്ഞാറു ഭാഗത്തുകൂടി വടക്കാഞ്ചേരി പുഴയും ഒഴുകുന്നു. കുറച്ചു വീടുകള്‍ മാത്രമുള്ള പ്രദേശമാണ്. ഈ പ്രദേശത്തിന്റെ മദ്ധ്യഭാഗത്താണ് ആളൂര്‍ക്കാവു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റേതായി വളരെയധികം ഭൂസ്വത്തുക്കള്‍ ഈ ഭാഗത്തുണ്ടായിരുന്നു. ക്ഷേത്രത്തോടു തൊട്ടുകിടന്ന മറ്റൊരു പറമ്പില്‍ ദേവസ്വം കച്ചേരിയും അതില്‍തന്നെ മേല്‍ക്കൂരയില്ലാത്ത ഒരു ഭദ്രകാളി പ്രതിഷ്ഠയും ഉണ്ട്. വാതില്‍മാടത്തില്‍ ഭഗവതി എന്ന പേരിലാണ് ഈ ഭഗവതി അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കിണറും തിടപ്പള്ളിയും ഉണ്ടായിരുന്നു.
ആളൂര്‍ക്കാവ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂവായ ദുര്‍ഗ്ഗയുടേതാണ്. വിഗ്രഹത്തിന് പ്രത്യേകിച്ച് രൂപമൊന്നും ഇല്ല. ക്ഷേത്രത്തിനു ചുറ്റുമായി കിടക്കുന്ന ബലിക്കല്ലുകളില്‍നിന്നും ക്ഷേത്രപീഠത്തില്‍ നിന്നും പ്രശ്‌നവശാലും ഈ ക്ഷേത്രത്തിന് ഉദ്ദേശം ആയിരം വര്‍ഷത്തെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. വലിയ ബലിക്കല്ല്, സപ്തമാതൃക്കള്‍, ഉപദേവന്മാരായ ശാസ്താവ്, ഗണപതി എന്നീ പ്രതിഷ്ഠകള്‍ എല്ലാം ചേര്‍ന്ന് സപരിവാരപ്രതിഷ്ഠയോടുകൂടിയ ഒരു മഹാക്ഷേത്രമായിരുന്നു ഇതെന്നു പറയപ്പെടുന്നു.
ആളൂര്‍ക്കാവു ക്ഷേത്രത്തില്‍നിന്നും കുറച്ചു കിഴക്കുമാറി ക്ഷേത്രത്തിന്റെ ജലാശയവും (കുളം) ഈ കുളത്തിന്റെ കരയില്‍ ഒരു ഭദ്രകാളീക്ഷേത്രവും ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഈ ക്ഷേത്രത്തില്‍ പണ്ടുകാലത്ത് മുടിയേറ്റ് തുടങ്ങി പലതും ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇന്ന് ഈ കുളം മുഴുവനും തൂര്‍ന്നുപോയതായിട്ടും ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഒരു തറ മാത്രം അവശേഷിച്ചതായും കാണുന്നു. സമീപവാസികള്‍ തറയില്‍ വൈകുന്നേരം തിരികൊളുത്തുന്നുണ്ട്.
ക്ഷേത്രം ഏറ്റവും പുരാതനകാലത്ത് ബ്രാഹ്മണാധീനത്തിലായിരുന്നു എന്നും അങ്ങിനെ കുറെക്കാലം കഴിഞ്ഞതിനുശേഷം സുമാര്‍ 500 വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരണം ദേവസ്വത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു എന്നുമാണ് പറയപ്പെടുന്നത്. ഈ പ്രദേശത്തുണ്ടായിരുന്ന ബ്രാഹ്മണകുടുംങ്ങള്‍ കാലക്രമത്തില്‍ നശിച്ചുപോയി എന്നും അങ്ങിനെ ഒടുവില്‍ അവശേഷിച്ച ഒരാള്‍ ക്ഷേത്രവും സകല സ്വത്തുക്കളും കൂടി ശ്രീകൂടല്‍മാണിക്യം ദേവസ്വത്തില്‍ ഏല്പിച്ച് ദേശാടനത്തിനുപോയി എന്നുമാണ് പറയപ്പെടുന്നത്.