പേരും പെരുമയുമാര്‍ജ്ജിച്ച കേരളീയക്ഷേത്രങ്ങളില്‍ വ്യതിരിക്തമായ ഭാവചൈതന്യത്തോടെ പ്രശോഭിക്കുന്ന ഒന്നാകുന്നു, മലപ്പുറം ജില്ലയിലെ മംഗലം പഞ്ചായത്തിലുള്‍പ്പെടുന്ന കൈപ്പമ്പാടി വിഷ്ണുമഹേശ്വരക്ഷേത്രം. പ്രകൃതിസുഭഗത്വവും ഗ്രാമനൈര്‍മല്യവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിശാലമായ പുല്‍മൈതാനത്തിന്റെയും ജലാശയത്തിന്റെയും കരയില്‍ സര്‍വ്വലോകമംഗളകാരികളായി വിഷ്ണുമഹേശ്വരന്മാര്‍ തുല്യനിലയില്‍ വര്‍ത്തിക്കുന്നതായി ഇവിടെ നമുക്ക് അനുഭവവേദ്യമാവുന്നു. ലക്ഷ്മീശനായ വിഷ്ണുവും പാര്‍വതീശനായ ശിവനും ഒരേമട്ടില്‍ അഭീഷ്ടവരപ്രദായികളായി പൂര്‍വ്വദിങ്മുഖോന്മുഖരായി ഇരുന്നരുളുന്ന ക്ഷേത്രങ്ങള്‍ ഏറെയില്ലെന്നത് കൈപ്പമ്പാടി ക്ഷേത്രത്തിന്റെ മഹിമയെ പതിന്മടങ്ങ് പ്രകാശി പ്പിക്കുന്നുണ്ട്. സര്‍വ്വപാപഹരണാര്‍ത്ഥമായും സന്തത്യര്‍ത്ഥമായും സമ്പല്‍സമൃദ്ധി പ്രാപ്തിക്കായും ഭക്തജനങ്ങള്‍ നിരന്തരം ആശ്രയിച്ചുപോരുന്ന ദേവസ്ഥാനമാണിവിടം.
മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും ആലത്തിയൂര്‍ വഴി പുറത്തൂരിലേക്കുള്ള ബസ്സില്‍ കയറി വള്ളത്തോള്‍ സ്മാരക മന്ദിരത്തിനടുത്ത് ഇറങ്ങിയാല്‍ (ട്രാന്‍സ്ഫോര്‍മര്‍ ബസ്സ് സ്റ്റോപ്പ്) ക്ഷേത്രത്തിലേക്കുള്ള വീഥിയില്‍ എത്തിച്ചേരാവുന്നതാണ്. തിരൂരില്‍ നിന്നും ഏതാണ്ട് ഏഴ് കിലോമീറ്റര്‍ തെക്ക് മാറിയാണ് ക്ഷേത്രം നിലകൊള്ളുന്നത്.
ഏതാണ്ട് 1200 വര്‍ഷത്തെ പഴക്കം ക്ഷേത്രത്തിനുള്ളതായി വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് വെട്ടത്തു നാട്ടുരാജാവിന്റെ അധീനതയിലുള്‍പ്പെട്ടിരുന്ന ഈ പ്രദേശത്ത് കരംപിരിവിനായി നിയോഗിക്കപ്പെട്ടിരുന്നത് തച്ചുടയകൈമള്‍ എന്ന പ്രമാണിയായിരുന്നു. ഒരിക്കല്‍ കരംപിരിവിനായെത്തിയ അദ്ദേഹം ക്ഷേത്രം നിന്നിരുന്ന സ്ഥലത്ത് പല്ലക്കിലേറി വിശ്രമിക്കാനിടവരികയും പോകാന്‍നേരം പല്ലക്ക് അനങ്ങാതെ വരികയുമുണ്ടായി. പ്രശ്‌നംവച്ചുനോക്കിയപ്പോള്‍ വിഷ്ണുഭഗവാന്റെ സാന്നിധ്യം അവിടെ ഉണ്ടെന്നു വ്യക്തമാവുകയും ശംഖുചക്രഗദാപത്മത്തോടുകൂടിയ ഭഗവാന്റെ വിശ്വരൂപം കൈമള്‍ക്കു സ്വപ്‌നദര്‍ശനമായി ലഭിക്കുകയുമുണ്ടായി. അധികം താമസിയാതെ അദ്ദേഹം അവിടെയൊരു വിഷ്ണുക്ഷേത്രം നിര്‍മ്മിച്ച് ആവശ്യമായ വസ്തുവകകള്‍ അതിലേക്കായി നീക്കിവെച്ചു. പ്രശ്‌നവിധിപ്രകാരം ശിവന്റെ സാന്നിധ്യവും അവിടെയുണ്ടെന്ന് പിന്നീട് വ്യക്തമാകുകയാല്‍ തുല്യപ്രാധാന്യത്തോടെ ശിവഭഗവാനും ഒരു മന്ദിരം തൊട്ടടുത്തായി നിര്‍മ്മിക്കുകയാണ് ചെയ്തത്.
കാലക്രമേണ ക്ഷേത്രത്തിലെ സ്വത്തുക്കള്‍ അന്യാധീനപ്പെടുമെന്ന അവസ്ഥ വന്നതോടെ അന്നത്തെ വെട്ടത്തുരാജാവിന്റെ മുഖ്യമന്ത്രിയും നാട്ടുഭരണാധിപനുമായിരുന്ന വള്ളത്തോള്‍ കോന്തി മേനോന്‍ കാര്യക്കാര്‍ അവയെല്ലാം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തെ ഏല്പിച്ചു. ദേവസ്വം അവ ഏറ്റെടുത്തെങ്കിലും ക്ഷേത്രകാര്യങ്ങള്‍ നിര്‍വിഘ്‌നമായി നടത്തിപ്പോരുന്നതിന് വള്ളേത്താള്‍ കുടുംക്കാരെ തന്നെയാണ് ചുമതലപ്പെടുത്തിയത്. ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലത്തായിരുന്നു ക്ഷേത്രപൂജാരിയും നമ്പീശനും വാരിയരും കഴകക്കാരും മറ്റും താമസിച്ചിരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ക്ഷേത്രത്തിലേക്ക് അക്കാലത്ത് നടന്ന് വരുന്നതിനായി നല്ല വീതിയുള്ള ഒരു നടവരമ്പ് ഉണ്ടായിരുന്നു എന്നും പഴമക്കാര്‍ പറയുന്നുണ്ട്. നിര്‍ഭാഗ്യമെന്ന് പറയെട്ടെ, ക്ഷേത്രവും ക്ഷേത്രക്കുളവും അടുത്തുതന്നെയാണെങ്കിലും ഇടയ്ക്കുള്ള സ്ഥലം ഇപ്പോള്‍ ക്ഷേത്രത്തിന്റേതല്ല. ക്ഷേത്രപൂജാരിയും മറ്റും ഇവിടെനിന്ന് സ്ഥലംവിട്ടു പോയപ്പോള്‍ ക്ഷേത്രംവക സ്വത്തുക്കള്‍ അന്യാധീനപ്പെടുകയും അവ പല സ്വകാര്യവ്യക്തികളുടേയും കൈയില്‍ വന്ന് ചേരുകയുമാണുണ്ടായത്. ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ ഔദാര്യത്തിലാണ് ക്ഷേത്രത്തിലേക്ക് വന്ന് പോകുവാനും അതുപോലെ ക്ഷേത്രത്തില്‍നിന്ന് കുളത്തിലേക്ക് ചെല്ലുവാനും സാധ്യമാകുന്നത്. ആയതുകൊണ്ട് ക്ഷേത്രത്തിലേക്ക് സ്വന്തമായി ഒരു വഴി വേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു.
ആവിര്‍ഭവിച്ച കാലംമുതല്‍ക്കേ കൈപ്പമ്പാടി ക്ഷേത്രം വിശ്വാസികളുടെയും ഭക്തജനങ്ങളുടെയും സജീവശ്രദ്ധ ആകര്‍ഷിച്ചുപോന്നിരുന്നു. വൃശ്ചിക മാസത്തില്‍ തിരുവോണനാളില്‍ നടത്തി വന്നിരുന്ന വാരാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി നാനാദേശത്തുനിന്നും ആളുകള്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നതായി പഴമക്കാര്‍ പറയുന്നുണ്ട്. തിരുവാതിരനാളിലെ ആര്‍ദ്രാവ്രതവും ശിവരാത്രിനാളിലെ ഉത്സവവും അഷ്ടമിരോഹിണി ആഘോഷവും കെങ്കേമമായി ഇവിടെ നടത്തിപ്പോന്നു. പ്രദോഷദിനങ്ങളില്‍ ഈ ക്ഷേത്രത്തില്‍ നടത്തിവന്നിരുന്ന പൂജകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ടായിരുന്നതായാണ് അനുഭവം. അന്നു പൂജ നടത്തുന്നവര്‍ക്ക് മംഗലപ്രാപ്തിയും സന്തതിലാഭവും യഥാവിധി കൈവരുമെന്നത്രേ വിശ്വാസം.
വിദ്യാരംഭദിവസം ക്ഷേത്രത്തിലെ സരസ്വതിമണ്ഡപത്തില്‍ എഴുത്തിനിരുത്തുന്ന പതിവുമുണ്ടായിരുന്നു. മഹാകവി വള്ളത്തോള്‍ ഉള്‍പ്പെടെ പലരും കൈപ്പമ്പാടി വാരിയത്തെ നാട്ടെഴുത്തച്ഛനില്‍ നിന്നാണ് നിലത്തെഴുത്തഭ്യസിച്ചുവെന്നത് ജീവചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള വസ്തുതയാണ്. ഇങ്ങനെ ചരിത്രപരവും ആദ്ധ്യാത്മികവുമായ പ്രാധാന്യമുള്ള ദിവ്യസങ്കേതമാകുന്നു കൈപ്പമ്പാടി വിഷ്ണുമഹേശ്വരക്ഷേത്രം.
കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രക്ഷേമകാര്യസമിതി രൂപീകരിക്കുന്നതുവരെ വള്ളത്തോള്‍ താവഴിയിലെ അംഗങ്ങള്‍ക്കായിരുന്നു ക്ഷേത്രത്തിന്റെ കൈകാര്യകര്‍തൃത്വം. നിത്യവൃത്തികള്‍ വലിയ കുഴപ്പംകൂടാതെ നിര്‍വ്വഹിക്കപ്പെട്ടിരുന്നെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കോ അറ്റകുറ്റപ്പണികള്‍ക്കോ മതിയായ തുക അവിടെ ലഭ്യമായിരുന്നില്ല. ഈ വസ്തുത പരിഗണിച്ച് തദ്ദേശീയരായ ഭക്തജനങ്ങള്‍ മുന്‍കൈയെടുത്ത് ഓലമേഞ്ഞിരുന്ന ശ്രീകോവിലും മണ്ഡപവും അടിയന്തിരമായിത്തന്നെ കോണ്‍ക്രീറ്റ് മേല്‍പ്പുരയാക്കി മാറ്റുകയുണ്ടായി. തുടര്‍ന്ന് 2011 ഡിസംബര്‍ മാസത്തില്‍ കൂടല്‍മാണിക്യം ദേവസ്വം അധികൃതരുടെ സാന്നിധ്യത്തില്‍ വിപുലമായൊരു യോഗം വിളിച്ചുചേര്‍ക്കുകയും ക്ഷേത്രത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കായി ഒരു ക്ഷേത്രക്ഷേമകാര്യസമിതി രൂപീകരിക്കുകയും ചെയ്തു. ക്ഷേത്രത്തില്‍ നിത്യപൂജകളും വിശേഷദിവസങ്ങളില്‍ പൂജകളും ഇപ്പോള്‍ നടത്തിവരുന്നത് ഈ സമിതിയുടെ ആഭിമുഖ്യത്തിലാണ്. വിശേഷാവസരങ്ങള്‍ പൊലിമയോടെ ഇന്ന് ഇവിടെ ആചരിച്ചുവരുന്നു. കൂടാതെ കര്‍ക്കിടകമാസത്തില്‍ രാമായണമാസാചരണവും ക്ഷേത്രം തന്ത്രി ആലത്തിയൂര്‍ മൂത്തേടത്ത്മന കേശവന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അഷ്ടദ്രവ്യമഹാഗണപതി ഹോമവും വര്‍ഷങ്ങളായി ഭംഗിയായി നടന്നുപോരുന്നുണ്ട്. അത്യാവശ്യം വേണ്ട അറ്റകുറ്റപ്പണികളും യഥാസമയം നിര്‍വ്വഹിച്ചു പോരുന്നു. വിശേഷദിവസങ്ങളിലെ അന്നദാനവും മറ്റൊരു പ്രത്യേകതയാണ്.