ABOUT TEMPLE

ഉളിയന്നൂര്‍ മഹാദേവക്ഷേത്രം ക്ഷേത്രചരിത്രം

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍നിന്നും പടിഞ്ഞാറോട്ടു നോക്കിയാല്‍ പെരിയാര്‍ ഇരുകരകളും നീട്ടി വാരിപ്പുണരുന്ന ഒരു കൊച്ചുഗ്രാമം കാണാം. അതാണ് ഉളിയന്നൂര്‍ ഗ്രാമം. ഉളിയന്റെ - തച്ചന്റെ ഊര് - ഉളിയന്നൂര് - ചരിത്രപ്രസിദ്ധനായ പെരുന്തച്ചന്റെ ഊരാണിത്. ഉന്നതകുലജാതനും മഹാപണ്ഡിതനുമായ വരരുചിക്ക് ഒരു പറയസ്ത്രീയില്‍ ജനിച്ച പന്ത്രണ്ടു മക്കളില്‍ ഒരാളാണ് ഉളിയന്നൂര്‍ തച്ചന്‍. ''പറയിപെറ്റ പന്തിരുകുലം'' എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ.

ഇന്നു മാടത്തിലപ്പന്റെ എന്നറിയപ്പെടുന്ന ശിവക്ഷേത്രമായിരുന്നു ഉളിയന്നൂരിലെ ആദ്യത്തെ പ്രധാന ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ശിവാലയങ്ങളില്‍ ഒന്നത്രേ ഇത്. അതിവിസ്തൃതമായ മതില്‍ക്കെട്ട്, ആനപ്പന്തല്‍, ധ്വജപ്രതിഷ്ഠ എന്നു വേണ്ട എല്ലാംതികഞ്ഞ അതിഗംഭീരമായ ഒരു ക്ഷേത്രമായിരുന്നു ഇത് എന്നതിനു വേണ്ടത്ര തെളിവുകള്‍ ഉണ്ട്.

ഭട്ടതിരിമാരും നമ്പൂതിരിമാരും തമ്മില്‍ ഊരാണ്മക്കായി കലഹം സര്‍വ്വസാധാരണമായിരുന്നു. കലഹം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. നമ്പൂതിരിമാര്‍ക്ക് അമ്പലത്തില്‍ പോവാനും പോവാതിരിക്കുവാനും ബുദ്ധിമുട്ടായി. അവര്‍ പെരുന്തച്ചനെ കണ്ട് ക്ഷേത്രത്തിനു തൊട്ടു വടക്കുവശത്തായി പുതിയ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. അതാണ് ഇപ്പോഴത്തെ ഉളിയന്നൂര്‍ മഹാദേവക്ഷേത്രം എന്നു പറയപ്പെടുന്നു.

ഉളിയന്നൂരില്‍ ഇപ്പോള്‍ മൂന്ന് പ്രധാന ക്ഷേത്രങ്ങളാണ് ഉള്ളത്. 1. മാടത്തിലപ്പന്‍, 2 ഉളിയന്നൂരപ്പന്‍, 3. ശ്രീ മഹാഗണപതി. ഇതില്‍ മാടത്തിലപ്പന്‍ എന്ന് പറയപ്പെടുന്നത് ശിവക്ഷേത്രമാണ്. ഇന്ത്യയില്‍ത്തന്നെ ഇത്രവലിയ ശിവലിംഗം വേറെയില്ലന്ന് ഇവിടം സന്ദര്‍ശിച്ച പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു.

ഇപ്പോഴത്തെ മഹാക്ഷേത്രം നമ്പൂതിരിമാരുടെ ആവശ്യപ്രകാരം നിര്‍മ്മിച്ചതാണ് എന്നു പറഞ്ഞുവല്ലോ. ഇവിടെ പത്ത് ഊരാണ്മക്കാരാണ് ഉണ്ടായിരുന്നത്. അതില്‍ കാരമംഗലം, ചാലമ്മന, പല്ലേരി, പപ്പട എന്നീ നാല് ഇല്ലക്കാര്‍ ഒഴിച്ച് ബാക്കി 6 പേരും അവരുടെ അവകാശം കൂടല്‍മാണിക്യത്തിനു വിട്ടുകൊടുത്തു. അങ്ങിനെയാണ് കൂടല്‍മാണിക്യം രംഗത്ത് വന്നത്.

ഇവിടുത്തെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ വൃശ്ചികമാസത്തിലെ അഷ്ടമി, മകരമാസത്തിലെ പത്തുദിവസത്തെ ഉത്സവം, വിഷു എന്നിവയാണ്. ഇതിനു പുറമെ കംഭമാസത്തില്‍ 30 ദിവസം ഗംഭീരമായി വാരവും നടത്താറുണ്ടായിരുന്നു. വൃശ്ചികമാസത്തില്‍ അസ്തമയത്തിന് അഷ്ടമിയുള്ള ദിവസമാണ് ഇവിടെ അഷ്ടമിയായി ആഘോഷിക്കുന്നത്. ഇത് ചാലമന ഇല്ലക്കാരുടെ പ്രത്യേക അവകാശമാണ്.

ഉത്സവം പത്തു ദിവസമാണ്. മകരമാസത്തിലെ തിരുവാതിര ആറാട്ടു വരത്തക്കവണ്ണം കൊടികയരും. പത്തുദിവസത്തെ അഹസ്സ് പത്ത് ഊരാണ്മക്കാരുടെ അവകാശമാണ്. ഇവിടുത്തെ പ്രധാന വഴിപാടുകള്‍ ധാര, കളഭം, പുഷ്പാഞ്ജലി, പുറകില്‍ വിളക്ക് എന്നിവയാണ്.

ശിവനേയും ശ്രീപാര്‍വ്വതിയേയും ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിട്ടുള്ള അപൂര്‍വ്വക്ഷേത്രങ്ങളില്‍ ഒന്നാണിത്. അതിമനോഹരമായ പാര്‍വ്വതി വിഗ്രഹം ശില്പകലാചാതുരിയുടെ ഉത്തമദൃഷ്ടാന്തമാണ്. പ്രായം കഴിഞ്ഞിട്ടും വിവാഹമാകാതെ നില്‍ക്കുന്ന കന്യകമാരുടെ അഭയസ്ഥാനമാണ് പാര്‍വ്വതി. സോമവാരവ്രതം അനുഷ്ഠിച്ച് പട്ടും താലിയും ചാര്‍ത്തി സ്വയംവര പുഷ്പഞ്ജലി നടത്തി ഇഷ്ടവരപ്രാപ്തി നേടിയ അനേകം കുലസ്ത്രീകളുടെ കഥ ഇതിനു ദൃഷ്ടാന്തമാണ്.

മാടത്തിലപ്പന്റെ തെക്കുഭാഗത്തായിട്ടാണ് ഗണപതി അമ്പലം. ഗണപതി പ്രതിഷ്ഠയല്ല, സ്വയംഭൂവാണ്. ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരത്ഭുത പ്രതിഭാസമാണ് ഗണപതി വിഗ്രഹം. ആദ്യകാലത്ത് ഗണപതി ശിവന്റെ അമ്പലത്തില്‍ തിടപ്പിള്ളിയിലായിരുന്നു. അത് പൂജ കഴിഞ്ഞാല്‍ ചിരട്ട കൊണ്ട് മൂടിവയ്ക്കുകയാണ് പതിവ്‌. ഒരു ദിവസം ഗണപതിക്കായി ഉണ്ടാക്കിയ അപ്പത്തിന്റെ ഒരു കഷണം ശിവന് ഉപരിനിവേദ്യമായി വെച്ചു. ഇത് മൂപ്പര്‍ക്ക് തീരെ പിടിച്ചില്ല. അച്ഛന്റെ അടുക്കലിരുന്നതു കൊണ്ടാണ് തന്റെ പങ്ക് നഷ്ടപ്പെട്ടത്. പിണങ്ങിപ്പോന്ന് ഇവിടെ ഇരുന്നതാണത്രേ. എന്തായാലും വിഗ്രഹം വളരുന്നുണ്ട് എന്നതില്‍ സംശയമില്ല. നിത്യസന്ദര്‍ശകരായ നാട്ടുകാര്‍ക്ക് ഇത് ബോധ്യമാണ്. അപ്പം ആണ് പ്രധാന വഴിപാട്. ഇത് ഇപ്പോഴും പതിവായിട്ടുണ്ട്. അപ്പം വഴിപാട് നേര്‍ന്നാല്‍ നടക്കാത്ത കാര്യമില്ല. അടുത്തകാലം വരെ 'ഉദയാസ്തമയം' എന്നൊരു വഴിപാട് നടത്താറുണ്ട്. ഉദയം മുതല്‍ അസ്തമയം വരെ അപ്പം ഉണ്ടാക്കുകയും നിവേദിക്കുകയും ചെയ്യുക. 12 കൂട് അപ്പമാണ് ഇതിനു വേണ്ടത്. ചെലവ് കൂടിയ ഈ വഴിപാട് ഇപ്പോള്‍ കാണാറില്ല.