ABOUT TEMPLE

എളനാട് വാതില്‍മാടം ഭഗവതീക്ഷേത്രം ക്ഷേത്രചരിത്രം

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം കീഴേടം ക്ഷേത്രമായ എളനാട് വാതില്‍മാടം ഭഗവതിക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇരിങ്ങാലക്കുടയില്‍ നിന്ന് ഏകദേശം 50 കിലോമീറ്ററോളം ദൂരെ തൃശൂര്‍ ജില്ലയുടെ കിഴക്കെ അറ്റത്ത് പാലക്കാട് ജില്ലയോടു ചേര്‍ന്ന് എളനാട് വില്ലേജിലാണ്. ഈ ക്ഷേത്രം പുരാതനകാലം മുതല്‍ ഉള്ളതാകുന്നു. ക്ഷേത്രത്തോടു ചേര്‍ന്ന് മുന്‍വശത്ത് ഒരു വലിയ കുളം സ്ഥിതിചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വാതില്‍മാടം ഭഗവതിയാണ്. ഭഗവതിയുടെ ശ്രീകോവിലിന് പിന്‍വശത്തായി ഉപദേവന്മാരുടെ ചെറിയ ശ്രീകോവിലുകളും ഉണ്ട്. കന്നിമൂലയില്‍ ഗണപതി, അതിന് പിന്‍വശത്ത് നാഗങ്ങള്‍, പിന്‍വശത്ത് എതിര്‍കോണില്‍ ശിവന്‍, അയ്യപ്പന്‍ എന്നിവരും ഉണ്ട്. പഴയകാലത്ത് ഒരു ശ്രീകോവിലില്‍ ഭഗവതിയും, ഉപദേവന്മാരും ഒന്നിച്ചുള്ള പ്രതിഷ്ഠ ആയിരുന്നു. പിന്നീട് 2013-ല്‍ ഡിസംര്‍മാസം ക്ഷേത്രോദ്ധാരണ സമിതിയുടെയും ഭക്തജനങ്ങളുടെയും സഹകരണത്താല്‍ പഴയ ക്ഷേത്രം പൊളിച്ചുനീക്കി പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം ക്ഷേത്രം തന്ത്രി നശരമണ്ണ് ഇല്ലത്തെ ത്രിവിക്രമന്‍ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തിയത്. ഇപ്പോഴും എല്ലാ വര്‍ഷവും പുനഃപ്രതിഷ്ഠാചടങ്ങുകള്‍ അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തില്‍ ഗംഭീരമായി ആഘോഷിക്കുന്നുണ്ട്. ഈ ക്ഷേത്രം ഏകദേശം രണ്ടര ഏക്കറോളം വിസ്തൃതിയുണ്ട്. കൂടാതെ ഭഗവതിയുടെ പ്രധാന ഉപദേവന്മാരായ കയറന്‍, മുണ്ട്യേന്‍ എന്നീ രണ്ട് ഉപദേവന്മാര്‍ ഭഗവതിക്ഷേത്രത്തിന്റെ ഇടതുവശത്തായി - ഏകദേശം 500 മീറ്റര്‍ അകലെയായി കിഴക്കുവശത്തും പടിഞ്ഞാറുവശത്തും ചെറിയ ക്ഷേത്രങ്ങളില്‍ സ്ഥിതിചെയ്യുന്നുണ്ട്. പഴയകാലത്ത് എളനാട് വില്ലേജിലെ മിക്ക ഭൂമിയും കൂടല്‍മാണിക്യം ദേവസ്വം ഭൂമിയായിരുന്നു. പാട്ടാവകാശത്തിന് ഇവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുകയായിരുന്നു. ഒരു കൊല്ലത്തില്‍ രണ്ട് പ്രാവശ്യം ദേവസ്വം ജീവനക്കാര്‍ ഇവിടെവന്ന് പാട്ടം വാങ്ങിച്ചുപോയിരുന്നു. പില്ക്കാലത്ത് പാട്ടഭൂമി മുഴുവന്‍ കൈവശക്കാര്‍ക്ക് പതിച്ചുനല്‍കുകയും അതോടുകൂടി പാട്ടാവകാശം ഇല്ലാതാകുകയും ചെയ്തു. ഇവിടെ ഭരതസ്വാമിയുടെ സാന്നിദ്ധ്യം ഉണ്ട് എന്നാണ് പഴമക്കാര്‍ പറയുന്നത്. ക്ഷേത്രത്തിന് പിന്‍വശത്ത് ഒരു കിലോമീറ്റര്‍ അകലെ റിസര്‍വ് ഫോറസ്റ്റില്‍ ഒരു പാറയില്‍ ശംഖ്, ഗദ, ചക്രം, കാല്‍പ്പാദം എന്നിവ കാണാവുന്നതാണ്. എല്ലാ വര്‍ഷവും മേടമാസത്തിലെ അവസാനത്തെ ശനിയാഴ്ച പ്രസ്തുത കാല്പാദത്തില്‍ പൂജാവിധികള്‍ ചെയ്തുപോരുന്നുണ്ട്. മകരമാസം 28-ാം തിയ്യതിയാണ് ഇവിടുത്തെ പ്രധാന ഉത്സവമായ ഉച്ചാരല്‍ താലപ്പൊലി ഗംഭീരമായി ആഘോഷിക്കുന്നത്.

എളനാട് വാതില്‍മാടം ഭഗവതിക്ഷേത്രം കീഴേടമായി തീര്‍ന്നതിനെപ്പറ്റി ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. കയ്മളവരോധം തുടങ്ങുന്നതിനുംമുമ്പ് ഊരായ്മക്കാരുടെ ഭരണകാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന കഥയാണിത്. മലാറിലെ ഒരു നായര്‍ പ്രഭുകുടുംത്തിന് സന്തതിയില്ലാതെ വരികയും എന്തോ കാരണത്താല്‍ സ്വജനഹിഷ്‌കരണത്തിന് പാത്രീഭവിക്കയും ചെയ്തു. പ്രായശ്ചിത്തം ചെയ്യാമെന്നും, ഇതിന് പരിഹാരമുണ്ടാക്കണമെന്നും ആ കുടുംബം ചില നമ്പൂതിരിമാരോട് അപേക്ഷിച്ചു. ചിലര്‍ അത് ചെയ്തുതരാമെന്നും, മറ്റുചിലര്‍ ചെയ്യാവുന്നതല്ലെന്നും നിര്‍ദ്ദേശിച്ചു. കൂടല്‍മാണിക്യത്തിന്റെ ഊരായ്മക്കാരില്‍ പ്രധാനി ആയ കൂടല്ലൂര്‍ മൂത്തേടത്ത് നമ്പൂതിരിപ്പാട് മുന്‍കൈ എടുത്തുകൊണ്ട് പ്രായശ്ചിത്തം നടത്തുവാന്‍ തീരുമാനിച്ചു. അവകാശികളില്ലാത്ത അവരുടെ എല്ലാ സ്ഥാവരസ്വത്തുക്കളും കൂടല്‍മാണിക്യം ക്ഷേത്രത്തിന് വഴിപാടായി അര്‍പ്പിച്ചാല്‍ എല്ലാ ദോഷങ്ങളും തീരുമെന്നായിരുന്നു അദ്ദേഹം കണ്ടെത്തിയത്. അതിന്റെ പേരില്‍ ജനസമ്മതി നേടുവാനായി തയിര്‍ കൊണ്ടുവരുവാനും അത് സംഗമേശന് നിവേദിക്കുവാനും പിന്നീടത് ബ്രാഹ്മണര്‍ക്ക് വിളമ്പുവാനും അത്തരത്തില്‍ പതിത്വം അകറ്റാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നായര്‍ കുടുംം ഇത്തരത്തില്‍ പ്രായശ്ചിത്തം നടത്തി അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ എളനാട് കീഴേടം സ്വത്തുക്കളായി അവശേഷിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പുത്തിരി ഉത്സവത്തില്‍ ഇവിടെനിന്നും തയിര്‍ കൊണ്ടുവന്ന് നിവേദിക്കുന്ന രീതി നിലനില്‍ക്കുന്നു. നമ്പൂതിരിമാര്‍ക്കിയിലുണ്ടായ അഭിപ്രായവ്യത്യാസം കാരണം രാവിലെ പൂജയ്ക്കുപയോഗപ്പെടുത്തേണ്ട തയിര്‍ അത്താഴപൂജയ്ക്കാണ് ഉപയോഗിക്കുന്നത്. ഇന്നും ഈ പതിവ് തുടരുന്നു. ഇവിടുത്തെ ക്ഷേത്രത്തിന്റെ വാതില്‍മാടത്തിന്റെ ഇരുഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണ്ഡപത്തെ വാതില്‍മാടം എന്നു പറയുന്നു. ഈ വാതില്‍മാടത്തെ സങ്കല്പിച്ചുകൊണ്ട് കീഴേടത്തിന്റെ നടുമുറ്റത്ത് ഒരു പ്രതിഷ്ഠ നടത്തി. ഈ പ്രതിഷ്ഠയാണ് വാതില്‍മാടം ഭഗവതി. കൂടല്‍മാണിക്യത്തിലെ തിരുവോണംനാള്‍ അത്താഴപൂജയുടെ പ്രസന്നപൂജയ്ക്ക് നിവേദിപ്പാന്‍ എളനാട്ടുനിന്നും പാടമാളി കൊടുത്തയയ്ക്കുന്ന 4 കുടും തൈര് നിവേദിക്കണം. പുത്തിരി നിവേദിക്കുന്ന ഉപസ്തംഭം വകയ്ക്ക് എളാട് ദേശത്തുനിന്നും പാടമാളി മുളകുമ്പത്തില്‍ കൊടുത്തയയ്ക്കുന് നെയ്യ്, ഇടങ്ങഴി നിവേദിക്കണം. മുക്കുടിക്ക് മരുന്ന് കൊണ്ടുവരുന്ന അവിലമണ്ണ് മൂസ്സിന് എളനാട്ടുനിന്നും 100 പറ നെല്ലു കൊടുത്തുവന്നിരുന്നു.

കയറന്‍, മുണ്ടിയന്‍ എന്നീ രണ്ടു ക്ഷേത്രങ്ങളും എളനാട് ദേശത്തുണ്ട്. തദ്ദേശത്തെ ഭക്തജനങ്ങളുടെ സഹകരണത്തോടെ നല്ല നിലയില്‍ നിത്യപൂജാകാര്യങ്ങളും താലപ്പൊലി ആഘോഷവും നടന്നുവരുന്നു.