ABOUT TEMPLE

കാരപ്പൊറ്റ ശിവക്ഷേത്രം, പാലക്കാട്‌ ക്ഷേത്രചരിത്രം

തൃശ്ശൂര്‍ - പാലക്കാട് ദേശീയപാതയില്‍ വടക്കഞ്ചേരിയില്‍ നിന്ന് കണ്ണമ്പ്ര വഴി കാരപ്പൊറ്റ ജംങ്ഷനിലെത്തി, 800 മീറ്റര്‍ തെക്കുവശത്തേക്കുളള റോഡിലൂടെ സഞ്ചരിച്ചാല്‍ കാരപ്പൊറ്റ ശിവക്ഷേത്രത്തിലെത്താം. നൂറ്റാണ്ടുകളുടെ പഴക്കമുളള കാരപ്പൊറ്റ ശിവക്ഷേത്രം എത്ര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മിച്ചതെന്ന് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. ക്ഷേത്രത്തിനടുത്തായി കൊരട്ടിമന സ്ഥിതി ചെയ്തിരുന്നുവത്രെ. ഇവരുടെ പൂര്‍വ്വികരാണ് ക്ഷേത്രം നിര്‍മ്മിച്ചതായി കരുതുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴിലുളളതാണ് ക്ഷേത്രം. ആര്‍. വേലായുധന്‍ പ്രസിഡന്റും സുനില്‍ദത്ത് സെക്രട്ടറിയുമായി 21 അംഗ നാട്ടുകാരുടെ കമ്മിറ്റിക്കാണ് ക്ഷേത്ര ഭരണ ചുമതല.

വട്ടശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമുളള മഹാദേവനെ വരമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ടതായാണ് ഐതിഹ്യം. നാലമ്പലത്തില്‍ വലതുഭാഗത്ത് ഗണപതിയും ചുറ്റമ്പലത്തില്‍ പൂര്‍ണപുഷ്‌കല സമേതനായ ശാസ്താവ്, നാഗപ്രതിഷ്ഠ എന്നിവയുണ്ട്. ചുറ്റുമതിലിനുളളില്‍ വൃത്താകൃതിയില്‍ കരിങ്കല്ലുകൊണ്ട് കെട്ടി സംരക്ഷിച്ചിരിക്കുന്ന കുളവും പ്രത്യേകതയാണ്. 2008ല്‍ മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് ക്ഷേത്ര പുനരുദ്ധാരണ കുംഭാഭിഷേകം നടന്നത്. തുടര്‍ന്ന് എല്ലാവര്‍ഷവും മൂന്നുദിവസം പ്രതിഷ്ഠാദിന ഉത്സവം കൊണ്ടാടുന്നു. ശിവരാത്രി, കുംഭമാസ ത്തിലെ തിരുവാതിര, കന്നിമാസത്തിലെ ആയില്യപൂജ എന്നിവയാണ് പ്രധാന ക്ഷേത്ര ഉത്സവങ്ങള്‍. കരിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. എന്‍.സതീശന്‍ എമ്പ്രാന്തിരിയാണ് മേല്‍ശാന്തി.